മസ്ജിദുകള്‍ കേന്ദ്രീകരിച്ച് മഹല്ല് ലഹരി വിമുക്ത യജ്ഞം ആരംഭിക്കുന്നു

Update: 2022-04-01 02:53 GMT

പെരുമ്പാവൂര്‍: വിദ്യാര്‍ഥികളിലും യുവജനങ്ങളിലും ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മഹല്ല് ജമാഅത്തുകള്‍ കേന്ദ്രമാക്കി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് കൂടിയാലോചിക്കുന്നതിന് പെരുമ്പാവൂരില്‍ മുസ്‌ലിം നേതൃസമ്മേളനം സംഘടിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ വഴിയും ലഹരിമാഫിയ വഴിയും മയക്കുമരുന്നുകള്‍ യഥേഷ്ടം എത്തിച്ചേരുന്നുണ്ടെന്നും പെരുമ്പാവൂര്‍ ലഹരി മാഫിയയുടെ ഹബായി മാറിയിരിക്കുയാണെന്നും സമ്മേളനം കുറ്റപ്പെടുത്തി.

ലഹരി മാഫിയകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് അതിശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ലഹരിക്ക് അടിമകളായ മഹല്ല് അംഗങ്ങളില്‍ ബോധവല്‍ക്കണം നടത്തുന്നതിനും മഹല്ലുകളെ സമ്പൂര്‍ണമായ ലഹരി വിമുക്തമാക്കി മാറ്റുന്നതിനും മസ്ജിദുകള്‍ കേന്ദീരിച്ച് 'മഹല്ല് ലഹരി വിമുക്ത യജ്ഞം' ആരംഭിക്കാന്‍ സമ്മേളനം തീരുമാനിച്ചു.

മഹല്ല് ലഹരി വിമുക്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുരുഷന്‍മാരെ ഉള്‍പ്പെടുത്തി മഹല്ല് ജാഗ്രതാ സമിതികളും സ്ത്രീകളെ ഉള്‍പ്പെടുത്തി കുടുംബ ജാഗ്രതാ സമിതികളും രൂപീകരിക്കും. ഇമാം എ പി അഹ്മദ് അഷ്‌റഫ് മുസ്‌ല്യാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് വി എം അലിയാര്‍ ഹാജി അധ്യക്ഷത വഹിച്ചു.

ഇസ്മായില്‍ പള്ളിപ്രം വിഷയാവതരണം നടത്തി. പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍, എം എ അലി മേക്കാലടി, കമാല്‍ റഷാദി, അബ്ദുല്‍ റഷീദ് ഫലാഹി, പി അലി ബാഖവി, ടി എം മുഹമ്മദ് കുഞ്ഞ്, വി പി നൗഷാദ്, കെ എം എ ലത്തീഫ്, എന്‍ എ മണ്‍സൂര്‍, കെ എം എ സലിം, കെ എ നൗഷാദ് മാസ്റ്റര്‍, എം പി ബാവമാസ്റ്റര്‍, റഈസ് മാറമ്പിള്ളി, കെ എ സലിം, അന്‍വര്‍ പി സെയ്ത്, കെ പി ഷെമീര്‍, എം എസ് ശിഹാബ് എന്നിവര്‍ സംസാരിച്ചു.

Tags: