ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൺമാൻ്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി; സ്വർണക്കടത്ത് സംഘത്തില്‍പ്പെട്ടവര്‍ കൊല്ലുമെന്ന് ഭയം

ആത്മഹത്യാശ്രമം നാടകമാണോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. കഴിഞ്ഞ ദിവസമാണ് ജയഘോഷിനെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും കൈക്ക് മുറിവേറ്റ നിലയിൽ കണ്ടെത്തിയത്.

Update: 2020-07-18 06:30 GMT

തിരുവനന്തപുരം: യുഎഇ കോൺസൽ ജനറലിൻ്റെ ഗൺമാനായിരുന്ന എ ആർ ക്യാമ്പിലെ പോലിസുകാരൻ എസ് ആർ ജയഘോഷിൻ്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. സ്വർണക്കടത്ത് സംഘത്തില്‍പ്പെട്ടവര്‍ കൊല്ലുമെന്ന് ഭയമുള്ളതായും താൻ ആത്മഹത്യക്ക് ശ്രമിച്ചതാണെന്നും ജയഘോഷ് മൊഴി നൽകി.

അതേസമയം ജയഘോഷിൻ്റെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തും. ആശുപത്രി വിട്ടാലുടൻ മൊഴിയെടുക്കാനാണ് നീക്കം. ആത്മഹത്യാശ്രമം നാടകമാണോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. കഴിഞ്ഞ ദിവസമാണ് ജയഘോഷിനെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും കൈക്ക് മുറിവേറ്റ നിലയിൽ കണ്ടെത്തിയത്.

കോണ്‍സുലേറ്റിലെ മറ്റ് ജീവനക്കാര്‍ക്ക് ഇല്ലാത്ത ഭീഷണിയും ഭയവും ജയഘോഷിന് എന്തിനാണെന്ന ചോദ്യമാണ് ഇക്കാര്യത്തില്‍ പ്രധാനമായും ഉയരുന്നത്. സ്വര്‍ണ്ണക്കടത്ത് കാരില്‍ നിന്നും വധഭീഷണി ഉണ്ടായെങ്കില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൂടിയായ ഇദ്ദേഹം പോലിസിനെ അല്ലേ ആദ്യം അറിയിക്കേണ്ടതെന്ന ചോദ്യവും നില്‍ക്കുന്നു. അധികൃതരെ അറിയിക്കുകയോ പരാതി നല്‍കുയോ ജയഘോഷ് ഇക്കാര്യത്തില്‍ ചെയ്തിട്ടില്ല. മൂന്ന് വര്‍ഷം മുമ്പാണ് ജയഘോഷ് കോണ്‍സല്‍ ജനറലിന്റെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനായത്.

എമിഗ്രേഷന്‍ വകുപ്പില്‍ നിന്നും അഞ്ചു വര്‍ഷത്തെ ഡപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി എ ആര്‍ ക്യാമ്പിലേക്ക് മടങ്ങിയ ഇയാളെ എന്തിനാണ് കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാനാക്കിയത് എന്ന ചോദ്യവും നില നില്‍ക്കുന്നു. ഡിജിപിയുടെ ഉത്തരവിലാണ് ജയഘോഷ് ഗണ്‍മാനായത്. എന്നാല്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ അനുസരിച്ചാണ് നിയമനമെന്നാണ് പോലിസ് നല്‍കിയിരിക്കുന്ന വിശദീകരണം. ഫോണിലൂടെയും നേരിട്ടും ഭീഷണിയുണ്ടായിരുന്നെന്നു ബന്ധുക്കള്‍ അറിയിച്ചതോടെ ജയഘോഷിനു സുരക്ഷ ഏര്‍പ്പെടുത്താന്‍ ഡിജിപി നിര്‍ദേശം നല്‍കി.

മൂന്നു വര്‍ഷത്തോളമായി ജയഘോഷ് യുഎഇ കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാനായിരുന്നു. കോണ്‍സുല്‍ ജനറല്‍ സ്ഥലത്തില്ലാത്തതിനാല്‍ പതിവായി ജോലിക്കു പോകാറില്ലായിരുന്നു. സ്വര്‍ണക്കടത്തിന്റെ വാര്‍ത്തകള്‍ വന്നശേഷം തന്നെയും കുടുക്കാന്‍ ശ്രമം നടക്കുന്നതായി ബന്ധുക്കളോടു പറഞ്ഞിരുന്നു. സ്വര്‍ണം കടത്തുന്ന വിവരം കസ്റ്റംസിന് ഒറ്റിക്കൊടുത്തതു താനാണെന്നു സംശയിച്ചു കൊലപ്പെടുത്തിയേക്കുമെന്നു ജയഘോഷ് ആശങ്കപ്പെട്ടിരുന്നെന്നു.

അതേസമയം, ജയഘോഷിന്റെ സാമ്പത്തിക വളര്‍ച്ചയും പരിശോധിക്കും. സ്വപ്നാസുരേഷും സരിത്തുമായി സ്വര്‍ണ്ണക്കടത്ത് കണ്ടെത്തിയ ദിവസം ജയഘോഷ് സംസാരിച്ചെന്ന് സൂചന നല്‍കുന്ന ചില ഫോണ്‍രേഖകള്‍ പുറത്തു വന്നിരുന്നു. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ജയഘോഷിനെ ചോദ്യം ചെയ്യുകയുമുണ്ടായി.

Tags: