മദ്‌റസാധ്യാപക ശാക്തീകരണം: സച്ചാര്‍ സമിതി നിര്‍ദ്ദേശങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കണം.: വിസ്ഡം മദ്‌റസാധ്യാപക സമ്മേളനം

Update: 2025-09-21 13:18 GMT

തിരൂര്‍: സച്ചാര്‍ സമിതി മദ്‌റസാധ്യാപകരുടെ ശാക്തീകരണത്തിനായി നിര്‍ദ്ദേശിച്ച പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വിദ്യാഭ്യാസ ബോര്‍ഡ് സംഘടിപ്പിച്ച മദ്‌റസാധ്യാപക സമ്മേളനം അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ ധാര്‍മ്മിക സദാചാര മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കുന്നതില്‍ മദ്‌റസകളും അധ്യാപകരും വലിയ പങ്ക് വഹിക്കുന്നുണ്ട്. മദ്‌റസകളെ പരിപോഷിക്കുന്നതില്‍ സമൂഹത്തിന് വലിയ ഉത്തരവാദിത്തമുണ്ട്.

ഇന്ത്യയില്‍ വംശഹത്യകള്‍ ആസൂത്രണം ചെയ്യുകയും ബുള്‍ഡോസറുകള്‍ കൊണ്ട് കിടപ്പാടം തകര്‍ക്കുകയും ചെയ്ത അധികാരികളെ മലയാളികള്‍ക്കിടയില്‍ മഹത്വവല്‍കരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. മുസ് ലിം ന്യൂനപക്ഷങ്ങളെയും ദലിതരെയും അരക്ഷിതരാക്കി ഉന്‍മൂലനം ചെയ്യുന്ന യോഗി ആഥിത്യനാഥിനെ വിശ്വാസികളുടെ പ്രതിനിധിയായി അവരോധിച്ചത് മലയാളികളോടുള്ള വഞ്ചനയാണ്. അധികാരികള്‍ തിരുത്താനും മാപ്പ് പറയാനും തയ്യാറാകണം.

ജെന്‍ഡര്‍ രാഷ്ട്രീയം പുതുതലമുറയില്‍ പാഠപുസ്തകങ്ങളിലൂടെ അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് അധികൃതര്‍ പിന്തിരിയണം. ഇന്ത്യയുടെ മധ്യകാല ചരിത്രം നിരാകരിക്കുന്ന സംഘപരിവാരങ്ങളുടെ നിലവാരത്തിലേക്ക് കേരളം അധ:പതിക്കരുത്. വിദ്യാഭ്യാസത്തിലൂടെ ലിബറലിസം ഒളിച്ച് കടത്താനുള്ള ശ്രമം മലയാളികളുടെ സംസ്‌കാരത്തെയും പൈതൃകത്തെയും നിരാകരിക്കലാണ് എന്നും സമ്മേളനം അഭിപ്രായപ്പെട്ടു. വിസ്ഡം പണ്ഡിത സഭയായ ലജ്‌നത്തുല്‍ ബുഹൂസുല്‍ ഇസ്ലാമിയ്യ സംസ്ഥാന പ്രസിഡന്റ് സി കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍ ഉദ്്ഘാടനം ചെയ്തു.



Tags: