കെട്ടിടം കരാറുകാരന്റെ ആത്മഹത്യ; സമഗ്ര അന്വേഷണം വേണമെന്ന് എംവി ജയരാജന്‍

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കെ കരുണാകരന്‍ മെമ്മോറിയല്‍ ആശുപത്രി കെട്ടിടം നിര്‍മ്മിച്ച വകയില്‍ ഒരു കോടിയിലധികം രൂപ ജോയിക്ക് കിട്ടാനുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഈ കെട്ടിടത്തിന് മുകളില്‍ വച്ചാണ് ജോയ് ആത്മഹത്യ ചെയ്തത്.

Update: 2019-09-07 08:56 GMT

കണ്ണൂര്‍: ചെറുപുഴയില്‍ കെട്ടിടം കരാറുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ആവശ്യപ്പെട്ടു. കെട്ടിടം പണിയുടെ കരാറുകാരനായിരുന്ന ചെറുപുഴ സ്വദേശി ജോയിയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കെ കരുണാകരന്‍ മെമ്മോറിയല്‍ ആശുപത്രി കെട്ടിടം നിര്‍മ്മിച്ച വകയില്‍ ഒരു കോടിയിലധികം രൂപ ജോയിക്ക് കിട്ടാനുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഈ കെട്ടിടത്തിന് മുകളില്‍ വച്ചാണ് ജോയ് ആത്മഹത്യ ചെയ്തത്.

പണം ലഭിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവുമായി ചില ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനു ശേഷം ജോയിയെ കാണാതാവുകയായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. ജോയിയുടെ ആത്മഹത്യയുടെ ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് പദയാത്ര സംഘടിപ്പിക്കുമോ എന്നും എം വി ജയരാജന്‍ ചോദിച്ചു.

രണ്ടുദിവസം മുമ്പാണ് ജോയി ആത്മഹത്യ ചെയ്തത്. സാമ്പത്തികബാധ്യത മൂലമാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ജോയിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിന്മേല്‍ അന്വേഷണം നടത്തവേയാണ് കെട്ടിടത്തിനു മുകളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം. പണം കിട്ടാനും കൊടുക്കാനുമുള്ള കണക്കുകള്‍ രേഖപ്പെടുത്തിയ ഒരു കുറിപ്പും ഇവിടെ നിന്ന് പോലിസ് കണ്ടെത്തിയിരുന്നു.


Tags:    

Similar News