ആര്‍ജിസിബിയുടെ പുതിയ കാംപസിന് ഗോള്‍വാള്‍ക്കറുടെ പേര്; വര്‍ഗീയവിഭജനമുണ്ടാക്കി നേട്ടം കൊയ്യാന്‍ ആര്‍എസ്എസ് നീക്കമെന്ന് എം എ ബേബി
1940 മുതല്‍ 1970 വരെ ഗോള്‍വാള്‍ക്കര്‍ മേധാവിയായിരുന്ന കാലത്താണ് ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗീയലഹളകള്‍ ആര്‍എസ്എസ് നടത്തിയത്. ഇന്ത്യാ വിഭജന കാലത്ത് ആര്‍എസ്എസ് നടത്തിയ രക്തപങ്കിലമായ വര്‍ഗീയകലാപങ്ങളെല്ലാം ഈ ആര്‍എസ്എസ് മേധാവിയുടെ കീഴിലായിരുന്നു.
തിരുവനന്തപുരം: തലസ്ഥാനത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പുതിയ കാംപസിന് ആര്‍എസ്എസ് മേധാവിയായിരുന്ന മാധവ സദാശിവ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി രംഗത്ത്. മോദി സര്‍ക്കാരിന്റെ ഈ തീരുമാനം അങ്ങേയറ്റം ഹീനവും പ്രതിഷേധകരവുമാണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എം എ ബേബി വ്യക്തമാക്കി. കേരള സമൂഹത്തില്‍ ഇതിന്റെ പേരില്‍ ഒരു വര്‍ഗീയവിഭജനമുണ്ടാക്കി നേട്ടം കൊയ്യാനുള്ള ആര്‍എസ്എസിന്റെ കുല്‍സിതനീക്കമാണ് ഇതിനു പിന്നില്‍.
കേരളത്തിലെ ജനാധിപത്യസമൂഹം ഒന്നടങ്കം ഈ നീക്കത്തെ എതിര്‍ക്കണം. ഇന്ത്യയില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ നേതൃത്വം കൊടുത്തയാളാണ് ഗാന്ധിജിയെ വെടിവച്ചുകൊന്ന കാലത്തെ ഈ ആര്‍എസ്എസ് മേധാവി. 1940 മുതല്‍ 1970 വരെ ഗോള്‍വാള്‍ക്കര്‍ മേധാവിയായിരുന്ന കാലത്താണ് ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗീയലഹളകള്‍ ആര്‍എസ്എസ് നടത്തിയത്. ഇന്ത്യാ വിഭജന കാലത്ത് ആര്‍എസ്എസ് നടത്തിയ രക്തപങ്കിലമായ വര്‍ഗീയകലാപങ്ങളെല്ലാം ഈ ആര്‍എസ്എസ് മേധാവിയുടെ കീഴിലായിരുന്നു. ഗാന്ധിജിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെയുടെ ഉറ്റചങ്ങാതിയായിരുന്നു ഗോള്‍വാള്‍ക്കര്‍.
ഗാന്ധി വധത്തിന്റെ കേസില്‍ 1948 ഫെബ്രുവരി നാലിന് ഗോള്‍വാള്‍ക്കറെ അറസ്റ്റുചെയ്തു. ആറുമാസം ജയിലില്‍ കിടന്ന ശേഷം നിരവധി മാപ്പപേക്ഷകള്‍ക്കുശേഷമാണ് ഗോള്‍വാള്‍ക്കറിന് ജാമ്യം കിട്ടിയത്. ആര്‍എസ്എസിനെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേല്‍ മുന്‍കൈയെടുത്ത് കേന്ദ്ര ഗവണ്മന്റ് നിരോധിക്കുകയും ചെയ്തു. ഇന്ത്യന്‍ ഭരണഘടനയെയും ദേശീയപതാകയെയും ആദരിക്കുമെന്നും രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്നും ഗോള്‍വാള്‍ക്കര്‍ എഴുതിക്കൊടുത്ത ശേഷമാണ് സര്‍ദാര്‍ പട്ടേലും നെഹ്‌റു സര്‍ക്കാരും ആര്‍എസ്എസ്സിന്റെ മേലുള്ള നിരോധനം പിന്‍വലിച്ചതെന്ന് എം ബേബി ചൂണ്ടിക്കാട്ടി.
ബുദ്ധിപരമായ സത്യസന്ധതയില്ലായ്മക്കും കുപ്രസിദ്ധനാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ ഈ വര്‍ഗീയവാദി. ജി ഡി സവര്‍ക്കര്‍ മറാത്തിയിലെഴുതിയ രാഷ്ട്രമീമാംസ എന്ന പുസ്തകം ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും തര്‍ജമ ചെയ്യാന്‍ ഇദ്ദേഹത്തെ ഏല്‍പിച്ചു. We and Our Nationhood Defined എന്ന പേരില്‍ അതിനെ സ്വന്തം പുസ്തകമാക്കി പ്രസിദ്ധീകരിക്കുയാണ് ഗോള്‍വള്‍ക്കര്‍ ചെയ്തത്. ഇന്ത്യയുടെ ശത്രുക്കളായ രാക്ഷസര്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരുമാണെന്ന് പ്രഖ്യാപിച്ചത് ഈ പുസ്തകത്തിലാണ്.
ആധുനിക ഇന്ത്യയുടെ വര്‍ഗീയവല്‍ക്കരണത്തിന് അടിത്തറയിട്ട ഈ ഹിന്ദു മേധാവിത്വ വര്‍ഗീയവാദിയുടെ പേര് കേരളത്തിലെ ഒരു സ്ഥാപനത്തിന് നല്‍കുന്നത് മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കാനാണ്: നവോത്ഥാനനായകരുടെയും മതേതരപുരോഗമന ചിന്തകളുടെയും ബലിഷ്ടമായ ചരിത്രമുള്ള നമ്മുടെ പ്രിയനാടിനെ അപമാനിക്കാനും നിന്ദിക്കാനുമാണ്. കേരളത്തിലെ ജനാധിപത്യവാദികള്‍ ഈ പ്രകോപനത്തില്‍ വീഴരുത്. അതേസമയം, അധിക്ഷേപകരമായ ഈ പേരിടല്‍ നീക്കത്തെ സര്‍വശക്തിയുമെടുത്ത് എതിര്‍ക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസമാണ് ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷനല്‍ സെന്റര്‍ ഫോര്‍ കോപ്ലക്സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്റ് വൈറല്‍ ഇന്‍ഫെക്ഷന്‍സ് എന്നായിരിക്കും രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ പുതിയ കാംപസ് ഇനി അറിയപ്പെടുകയെന്ന് കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചത്. ആര്‍ജിസിബിയുടെ ആറാമത് അന്താരാഷ്ട്ര ശാസ്ത്രമേളയുടെ ആമുഖ പരിപാടിയ്ക്കിടെയാണ് കേന്ദ്രമന്ത്രി പുതിയ പേര് പ്രഖ്യാപിച്ചത്.

