ന്യൂനമര്‍ദം: കോട്ടയം ജില്ലയില്‍ 48 തദ്ദേശസ്ഥാപന മേഖലകളെ ബാധിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ തയ്യാറാക്കിയ പ്രദേശങ്ങളുടെ പട്ടികയില്‍ കോട്ടയം, ചങ്ങനാശേരി, പാലാ മുനിസിപ്പാലിറ്റികളും 45 പഞ്ചായത്തുകളുമാണുള്ളത്. ഈ സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്.

Update: 2020-12-01 15:54 GMT

കോട്ടയം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മൂലം കോട്ടയം ജില്ലയിലെ 48 തദ്ദേശസ്ഥാപന മേഖലകളില്‍ ശക്തമായ കാറ്റുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ തയ്യാറാക്കിയ പ്രദേശങ്ങളുടെ പട്ടികയില്‍ കോട്ടയം, ചങ്ങനാശേരി, പാലാ മുനിസിപ്പാലിറ്റികളും 45 പഞ്ചായത്തുകളുമാണുള്ളത്. ഈ സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്.

ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ മലയോര മേഖലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ഡി.ഡി.എം.എ നിര്‍ദേശിച്ചു. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധസമിതിയും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അനൗണ്‍സ്മെന്റ് മുഖേന വിവരം നല്‍കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കണം.

മുമ്പ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായ മേഖലകളിലുള്ളവര്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കണം. പുറമ്പോക്കുകള്‍, മലഞ്ചെരിവുകള്‍, ഒറ്റപ്പെട്ട പ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ളവരെയും മുന്‍കൂട്ടി ക്യാംപുകളിലേക്ക് മാറ്റണം. ദുരിതാശ്വാസ ക്യാംപുകളാക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ മുന്‍കൂട്ടി സജ്ജമാക്കണം. മുമ്പ് ക്യാംപുകള്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രങ്ങള്‍ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ പോളിങ് കേന്ദ്രങ്ങളാണെങ്കില്‍ പകരം സ്ഥലം കണ്ടെത്തണം. ക്യാംപുകള്‍ സജ്ജീകരിക്കുമ്പോള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കണം.

കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കണം. ജില്ലയുടെ വിവിധ മേഖലകളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളും മരശിഖരങ്ങളും മുറിച്ചു നീക്കുന്നതിന് അഗ്നിസുരക്ഷാ സേനയുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തര നടപടി സ്വീകരിക്കണം. വൈദ്യുതി ലൈനുകള്‍ക്കു മുകളിലേക്ക് വീഴാന്‍ സാധ്യതയുള്ള ശിഖരങ്ങള്‍ വെട്ടിമാറ്റിയിട്ടുണ്ടെന്ന് കെഎസ്ഇബി ഉറപ്പാക്കണം.

കെഎസ്ഇബി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജീകരിക്കണം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ പൊതുവായ ഏകോപനത്തിന്റെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും ചുമതല റവന്യൂ വകുപ്പിനാണ്. ഓറഞ്ച് ബുക്ക് അടിസ്ഥാനമാക്കിയുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചെന്ന് ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

Tags: