ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അഞ്ചു ദിവസം മഴ തുടരും; നാളെ വടക്കന്‍ ജില്ലകളില്‍ മുന്നറിയിപ്പ്

Update: 2025-07-27 16:57 GMT

കൊച്ചി: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരംവരെ ന്യൂനമര്‍ദ്ദപാത്തി സ്ഥിതിചെയ്യുന്നു. വടക്കു പടിഞ്ഞാറന്‍ മധ്യപ്രദേശിനു മുകളിലായി ശക്തികൂടിയ ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. ഇത് അടുത്ത 12 മണിക്കൂറില്‍ ന്യുനമര്‍ദ്ദമായി ശക്തികുറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ വടക്കന്‍ ജില്ലകളില്‍ നാളെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ബുധനാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ മുതല്‍ ബുധനാഴ്ച വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ ജൂലൈ 29 വരെയും കര്‍ണാടക തീരങ്ങളില്‍ ഇന്ന് മുതല്‍ ജൂലൈ 31 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നു മുതല്‍ 29 വരെ കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഇന്നും നാളെയും കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ജൂലൈ 29 മുതല്‍ 31 വരെ കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

കണ്ണൂര്‍-കാസര്‍ഗോഡ് (കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് വൈകുന്നേരം 05.30 മുതല്‍ നാളെ രാവിലെ 02.30 വരെ 2.9 മുതല്‍ 3.2 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.