വിദേശമലയാളികള്‍ക്ക് ലോട്ടറി അടിച്ചെന്ന പേരില്‍ തട്ടിപ്പ്: മൂന്നുപേര്‍ അറസ്റ്റില്‍

വാകത്താനം സ്‌റ്റേഷന്‍ പരിധിയില്‍ അടക്കം ഏഴുകേസുകളിലായി ഒരുലക്ഷത്തിലധികം രൂപയും 15 പവന്‍ സ്വര്‍ണാഭരണങ്ങളുമാണ് തട്ടിയെടുത്തത്. തിരുവനന്തപുരം മണക്കാട് പൊതുവെ പുത്തന്‍വീട്ടില്‍ ദിലീപ് (ശ്യാം- 28), കടകംപള്ളി ശാലിനി നിവാസില്‍ സതീശന്‍ (55), അണ്ടൂര്‍ക്കോണം പുത്തന്‍വീട്ടില്‍ നസിം (38) എന്നിവരാണ് അറസ്റ്റിലായത്.

Update: 2019-03-21 17:26 GMT

കോട്ടയം: വിദേശത്ത് ലോട്ടറി അടിച്ചെന്ന പേരില്‍ വിദേശമലയാളികളുടെ വീടുകള്‍ കേന്ദ്രീകരിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്ത മൂന്നംഗസംഘം അറസ്റ്റില്‍. വാകത്താനം സ്‌റ്റേഷന്‍ പരിധിയില്‍ അടക്കം ഏഴുകേസുകളിലായി ഒരുലക്ഷത്തിലധികം രൂപയും 15 പവന്‍ സ്വര്‍ണാഭരണങ്ങളുമാണ് തട്ടിയെടുത്തത്. തിരുവനന്തപുരം മണക്കാട് പൊതുവെ പുത്തന്‍വീട്ടില്‍ ദിലീപ് (ശ്യാം- 28), കടകംപള്ളി ശാലിനി നിവാസില്‍ സതീശന്‍ (55), അണ്ടൂര്‍ക്കോണം പുത്തന്‍വീട്ടില്‍ നസിം (38) എന്നിവരാണ് അറസ്റ്റിലായത്.

വിദേശത്ത് ജോലിയുള്ളവരുടെ തനിച്ചുതാമസിക്കുന്ന പ്രായമായ അച്ഛനമ്മമാര്‍, ബന്ധുക്കള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നത്. ഇവരുടെ ലാന്‍ഡ്‌ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് വിദേശത്തുള്ള മകനോ മകള്‍ക്കോ അവിടെ ലോട്ടറി അടിച്ചെന്നും ഈ തുക ടാക്‌സ് ഒഴിവാക്കിത്തരാന്‍ പണം ആവശ്യപ്പെടുകയും ചെയ്യും. തുടര്‍ന്ന് വീട്ടുകാരെ റെയില്‍വേ സ്‌റ്റേഷനിലേക്കോ ആശുപത്രിയിലേക്കോ വിളിച്ചുവരുത്തിയശേഷം പണമില്ലെങ്കില്‍ പകരം സ്വര്‍ണാഭരണങ്ങള്‍ വാങ്ങി മുങ്ങുകയുമാണ് സംഘത്തിന്റെ പതിവ്. എറണാകുളം റെയില്‍വേ പോലിസ് സ്‌റ്റേഷനില്‍ 2015 ലും 2018 ലും സമാനമായ രീതിയില്‍ ഇവര്‍ക്കെതിരേ കേസുകളുണ്ട്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കോട്ടയം ജില്ലാ പോലിസ് മേധാവി ഹരിശങ്കറിനെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി കെ എന്‍ രാജന്‍, വാകത്താനം ഇന്‍സ്‌പെക്ടര്‍ ബി മനോജ് കുമാര്‍, എസ്‌ഐ പി ജസ്റ്റിന്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. 

Tags:    

Similar News