ലോക്‌സഭാ തിരഞ്ഞെടുപ്പ്: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധി ഫെബ്രുവരിയില്‍ കേരളത്തില്‍

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനതല ഇലക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറി, ചീഫ് ഇലക്ട്രല്‍ ഓഫിസര്‍, പോലിസ് മേധാവി എന്നിവരുമായി കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

Update: 2019-01-29 16:33 GMT

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധി ഫെബ്രുവരിയില്‍ കേരളത്തിലെത്തും. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനതല ഇലക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറി, ചീഫ് ഇലക്ട്രല്‍ ഓഫിസര്‍, പോലിസ് മേധാവി എന്നിവരുമായി കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

കേരളത്തിലെ തയ്യാറെടുപ്പില്‍ കമ്മീഷന്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയതായി ചീഫ് ഇലക്ട്രല്‍ ഓഫിസര്‍ അറിയിച്ചു. മാവോവാദി, തീവ്രസ്വഭാവ സംഘടനകളുടെ പ്രവര്‍ത്തന മേഖലകള്‍ കണ്ടെത്താന്‍ കമ്മീഷന്‍ പോലിസ് മേധാവിയോട് നിര്‍ദേശിച്ചു. പ്രശ്‌നസാധ്യത, അതീവ പ്രശ്‌നസാധ്യത പോളിങ് സ്‌റ്റേഷനുകളുടെ ലിസ്റ്റ് തയ്യാറാക്കും. ഒരു സ്ഥലത്ത് മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ ഐജി മുതല്‍ എസ്‌ഐ വരെയുള്ള പോലിസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കണം. സ്വന്തം ജില്ലയില്‍ നിയമനം നല്‍കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ക്രമസമാധാന വിശദാംശങ്ങള്‍ ചോദിച്ചുമനസ്സിലാക്കി. തിരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് എത്ര കമ്പനി കേന്ദ്രസേന ആവശ്യമായി വരുമെന്നത് സംബന്ധിച്ച വിശദവിവരങ്ങളും തേടി. കേരളത്തിന്റെ അതിര്‍ത്തിമേഖലകളിലൂടെ അനധികൃത മദ്യവും പണവും വരുന്നത് തടയുന്നതിന് പരിശോധന കര്‍ശനമാക്കും.

കഴിഞ്ഞ തവണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ കേസുകളുടെ വിശദാംശങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ അന്വേഷിച്ചു. തീരുമാനമാവാത്ത കേസുകളില്‍ സത്വരനടപടി സ്വീകരിക്കണമെന്ന് ഡിജിപിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. അനധികൃത ആയുധങ്ങള്‍ പിടിച്ചെടുത്ത കേസുകളുടെ വിവരവും ആരാഞ്ഞു. റിട്ടേണിങ് ഓഫിസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ എന്നിവരുടെ ഒഴിവുകള്‍ എത്രയുംവേഗം നികത്തണമെന്ന് കമ്മീഷന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കുള്ള ഫണ്ട് ചീഫ് ഇലക്ട്രല്‍ ഓഫിസര്‍ക്ക് ലഭ്യമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Tags: