ലോക്ക് ഡൗണ്‍ ലംഘനം: ആറുപേര്‍ അറസ്റ്റില്‍

Update: 2021-05-11 07:11 GMT

പരപ്പനങ്ങാടി: ലോക്ക് ഡൗണ്‍, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പള്ളിയില്‍ തറാവീഹ് നിസ്‌കാരം നടത്തിയ 6 പേരെ പരപ്പനങ്ങാടി പോലിസ് കേരള എപിഡെമിക് ഓര്‍ഡിനന്‍സ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ലോക്ക് ഡൗണ്‍, കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണം എന്നിവയുടെ ഭാഗമായി ആരാധനാലയങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്. നിലവില്‍ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയുടെയും വള്ളിക്കുന്ന് പഞ്ചായത്തിന്റെയും എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണിലാണ്.

ആരാധനാലയങ്ങളില്‍ പുലര്‍ച്ചെയും മറ്റും പൊതുജനങ്ങള്‍ നിസ്‌കരിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പരപ്പനങ്ങാടി സിഐ ഹണി കെ ദാസ് അറിയിച്ചു. അങ്ങനെയുള്ളവ പോലിസ് മഫ്തിയില്‍ പരിശോധിക്കുകയും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും. മലപ്പുറം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ സമയം വൈകീട്ട് 3 മണി വരെയായി ക്രമീകരിച്ചിട്ടുണ്ടെന്നും ഹോട്ടലുകള്‍ക്ക് വൈകീട്ട് 7:30 വരെ പാഴ്‌സല്‍ സര്‍വീസ് മാത്രം നടത്താമെന്നും സിഐ കൂട്ടിച്ചേര്‍ത്തു.

Tags: