വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരീക്ഷ നടത്തിപ്പിനായി തുറക്കാം; ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി ജോലി ചെയ്യാം

ഓരോ പ്രദേശത്തിനും അതിന്റെ സവിശേഷതയുണ്ടാകും. മാറ്റം എന്താണോ വേണ്ടത് അത് ജില്ലാ കലക്ടര്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ അറിയിക്കണം.

Update: 2020-05-02 12:15 GMT

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ സംബന്ധിച്ച് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ഇളവുകളും നിയന്ത്രണങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇതുപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. പരീക്ഷ സംബന്ധമായ ജോലികൾക്കായി മാത്രം നിബന്ധനകള്‍ പാലിച്ച് തുറക്കാം. അവശ്യ സർവീസുകളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ നിലവിലെ രീതിയിൽ തന്നെ മെയ് 15 വരെ പ്രവര്‍ത്തിക്കാം. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി, ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഹാജരാകണം.

ആളുകള്‍ കൂടിച്ചേരുന്ന പരിപാടി പാടില്ല. സിനിമാ തിയേറ്റര്‍, ആരാധനാലയങ്ങള്‍, തുടങ്ങിയവക്ക് നിയന്ത്രണം തുടരും. ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍ വേണ്ടെന്ന് വയ്ക്കും. പാര്‍ക്കുകള്‍, ജിംനേഷ്യം എന്നിവിടങ്ങളിലെ കൂടിച്ചേരലുകളും ഉണ്ടാകരുത്. മദ്യശാലകള്‍ തുറക്കുന്നില്ല. മാളുകള്‍ ബാര്‍ബര്‍ ഷാപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ ഇവയൊന്നും തുറക്കരുത്. ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി ജോലി ചെയ്യാം. വിവാഹം, മരണാനന്തര ചടങ്ങ് ഇവയ്ക്ക് 20 ലേറെ പേര്‍ പാടില്ലെന്നത് നിബന്ധന പാലിക്കണം. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ടാക്‌സി, ഊബര്‍ ടാക്‌സി എന്നിവ അനുവദിക്കും. ഹോട്ട്‌സ്‌പോട്ടുകളൊഴികെ, ഗ്രീന്‍-ഓറഞ്ച് സോണുകളില്‍ അന്തര്‍ ജില്ലാ യാത്രക്ക് പ്രത്യേകം അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്ക് പോകാം. ചരക്ക് വാഹനങ്ങളുടെ നീക്കത്തിന് നിയന്ത്രണമില്ല, പ്രത്യേക പെര്‍മിറ്റ് വേണ്ട.

ഓരോ പ്രദേശത്തിനും അതിന്റെ സവിശേഷതയുണ്ടാകും. മാറ്റം എന്താണോ വേണ്ടത് അത് ജില്ലാ കലക്ടര്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ അറിയിക്കണം. സംസ്ഥാനത്ത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികളടങ്ങുന്ന സമിതി പരിശോധിച്ച് ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കും.

പോസ്റ്റ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയ സാമ്പാദ്യ പദ്ധതി ഏജന്റുമാര്‍ക്ക് ആഴ്ചയിലൊരിക്കല്‍ അവര്‍ ശേഖരിച്ച പണം അനുവദിക്കാന്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴികെ അനുവദിക്കും. കാര്‍ഷിക നാണ്യ വിളകളുടെ വ്യാപാരം നിശ്ചലമായത് കര്‍ഷകരെ ബാധിക്കുന്നുണ്ട്. മേഖലയില്‍ എല്ലാ പ്രോത്സാഹനവും നല്‍കും. മലഞ്ചരക്ക് വ്യാപാര ശാലകള്‍ ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം. വ്യാവസായിക - വാണിജ്യ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഫിക്‌സഡ് ചാര്‍ജ് അടക്കാന്‍ പ്രഖ്യാപിച്ച ഇളവുകള്‍ സ്വകാര്യ ആശുപത്രിക്കും ബാധകമാക്കാന്‍ ശുപാര്‍ശ ചെയ്തു.

പ്രവാസികള്‍ക്ക് മടങ്ങിവരാന്‍ സൗകര്യമൊരുക്കണമെന്ന് നിരന്തരം കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്. അനുകൂല നിലപാട് കേന്ദ്രത്തില്‍ നിന്നുണ്ടാകുന്നു. പെട്ടെന്ന് തന്നെ പ്രായോഗിക നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലെ മലയാളികള്‍ തിരികെ വരാന്‍ താത്പര്യപ്പെടുന്നുണ്ട്. എല്ലാവരും ഒരുമിച്ച് വരുന്നത് പ്രായോഗികമല്ല. മുന്‍ഗണനയുടെ അടിസ്ഥാനത്തില്‍ ആദ്യ ഘട്ടത്തില്‍ അനുമതി. വിദ്യാര്‍ത്ഥികള്‍, അവധിക്കാല ക്യാംപിന് പോയവര്‍, കോഴ്‌സ് കഴിഞ്ഞവര്‍, ഹോസ്റ്റല്‍ അടച്ച് നില്‍ക്കാന്‍ കഴിയാത്തവര്‍ എന്നിങ്ങനെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും.

Tags: