ലോക്ക് ഡൗൺ നിയന്ത്രണം; കേരളം മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

റെഡ്‌സോണ്‍ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ട് (കണ്ടയിന്‍മെന്റ് സോണ്‍) പ്രദേശങ്ങളില്‍ നിലവിലുള്ള ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി തുടരും. മറ്റു പ്രദേശങ്ങളില്‍ ആവശ്യമായ ഇളവുകള്‍ നല്‍കും. ഓറഞ്ച് സോണുകളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ (കണ്ടയിന്‍മെന്റ് സോണുകളില്‍) നിലവിലെ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

Update: 2020-05-04 11:45 GMT

തിരുവനന്തപുരം : കൊവിഡ്-19 നിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ മെയ് 17 വരെ ദീര്‍ഘിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവായ സാഹചര്യത്തില്‍ സംസ്ഥാനത്തെ നിയന്ത്രണങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. റെഡ്‌സോണ്‍ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ട് (കണ്ടയിന്‍മെന്റ് സോണ്‍) പ്രദേശങ്ങളില്‍ നിലവിലുള്ള ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി തുടരും. മറ്റു പ്രദേശങ്ങളില്‍ ആവശ്യമായ ഇളവുകള്‍ നല്‍കും. ഓറഞ്ച് സോണുകളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ (കണ്ടയിന്‍മെന്റ് സോണുകളില്‍) നിലവിലെ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഹോട്ട്‌സ്‌പോട്ടുകളുള്ള നഗരസഭകളുടെ കാര്യത്തില്‍ അതത് വാര്‍ഡുകളിലാണ് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത്. പഞ്ചായത്തുകളുടെ കാര്യത്തില്‍ പ്രസ്തുത വാര്‍ഡുകളിലും കൂടിച്ചേര്‍ന്ന് കിടക്കുന്ന വാര്‍ഡുകളിലും ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

ഗ്രീന്‍ സോണുകളില്‍ ഉള്‍പ്പെടെ അനുവദിക്കാത്ത കാര്യങ്ങള്‍

ഗ്രീന്‍ സോണ്‍ ജില്ലകളിലും പൊതുവിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം കണ്ടയിന്‍മെന്റ് സോണുകള്‍ കേസുകളുടെയും കോണ്ടാക്ടുകളുടെയും മാപ്പിംഗ്, കേസുകളുടെയും കോണ്ടാക്ടുകളുടെയും വ്യാപനം എന്നിവ പരിഗണിച്ച് ജില്ലാ ഭരണകൂടം നിശ്ചയിക്കണം. ഇത്തരം നിര്‍ദേശങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍, സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് സമര്‍പ്പിച്ചശേഷം സമിതിയുടെ നിര്‍ദേശപ്രകാരം വിജ്ഞാപനം ചെയ്യണം. കേന്ദ്ര സര്‍ക്കാര്‍ പൊതുവില്‍ അനുവദിച്ച ഇളവുകള്‍ സംസ്ഥാനത്ത് പ്രത്യേകം എടുത്തു പറയാത്ത കാര്യങ്ങളില്‍ പ്രാവര്‍ത്തികമാക്കും.

താഴെപ്പറയുന്ന കാര്യങ്ങള്‍ ഗ്രീന്‍ സോണുകളില്‍ ഉള്‍പ്പെടെ അനുവദിക്കില്ല

പൊതുഗതാഗതം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ടു പേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ല. എസി പ്രവര്‍ത്തിപ്പിക്കുന്നത് കഴിവതും ഒഴിവാക്കണം (ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴികെ). ടു വീലറുകളില്‍ പിന്‍സീറ്റ് യാത്ര കഴിയുന്നതും ഒഴിവാക്കണം. അത്യാവശ്യ സര്‍വീസിനായി പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കണം (ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴികെ). ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍, സിനിമാ ടാക്കീസ്, ആരാധനാലയങ്ങള്‍ തുടങ്ങിയവയില്‍ നിലവിലെ നിയന്ത്രണം തുടരും. പാര്‍ക്കുകള്‍, ജിംനേഷ്യം, മദ്യഷാപ്പുകള്‍, മാളുകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍ തുറക്കരുത്.വിവാഹ/മരണാനന്തര ചടങ്ങുകളില്‍ ഇരുപതിലധികം ആളുകള്‍ പങ്കെടുക്കുന്നത് അനുവദിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല. പരീക്ഷ നടത്തിപ്പിനായി മാത്രം നിബന്ധനകള്‍ പാലിച്ച് തുറക്കാം.

അവശ്യ സര്‍വീസുകളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ ഏപ്രില്‍ 22 ലെ സര്‍ക്കുലറിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി മെയ് 17 വരെ പ്രവര്‍ത്തിക്കും. (ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ അവധി ദിവസമായിരിക്കും). ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി,ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഓഫീസുകളില്‍ ഹാജരാകണം.

അനുവദിക്കുന്ന കാര്യങ്ങള്‍

ഗ്രീന്‍ സോണുകളില്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ രാത്രി 7.30 വരെ ആയിരിക്കും. അകലം സംബന്ധിച്ച നിബന്ധനകള്‍ പാലിക്കണം. ഇത് ആഴ്ചയില്‍ ആറു ദിവസം അനുവദിക്കാം. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും. ഞായറാഴ്ച ദിവസങ്ങളില്‍ എല്ലാ സോണുകളിലും പൂര്‍ണ ലോക്ക്ഡൗണായിരിക്കും. ഈ ദിവസം അനുവദനീയമായ കാര്യങ്ങള്‍ സംബന്ധിച്ച് പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും.

ഗ്രീന്‍ സോണുകളിലെ സേവന മേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്നു ദിവസം പരമാവധി 50 ശതമാനം ജീവനക്കാരുടെ സേവനം ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും. ഹോട്ട് സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടല്‍, റസ്റ്റാറന്റുകള്‍ക്ക് പാഴ്‌സലുകള്‍ നല്‍കാനായി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. നിലവിലുള്ള സമയക്രമം പാലിക്കണം. ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നിലവിലെ സ്ഥിതി തുടരാം. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റയില്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഇളവുകള്‍ ഗ്രീന്‍/ ഓറഞ്ച് സോണുകള്‍ക്ക് മാത്രം ബാധകമാണ്.ഗ്രീന്‍/ ഓറഞ്ച് സോണുകളില്‍ നിലവില്‍ പുറപ്പെടുവിച്ച ഉത്തരവുകളില്‍ അനുവദിക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാം. ഓരോ പ്രദേശത്തിന്റെയും സവിശേഷതകള്‍ മനസ്സിലാക്കി, പ്രാദേശിക ഭേദഗതികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ജില്ലാ ഭരണകൂടം പരിഗണിച്ച് ജില്ലാ കളക്ടര്‍, ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ശിപാര്‍ശ സമര്‍പ്പിക്കണം. സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര-ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, റവന്യൂ-തദ്ദേശ-ആരോഗ്യ-ഐ.ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്ന ഉന്നതതല സമിതി ഈ ശിപാര്‍ശകള്‍ പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കേണം. ഇത്തരത്തില്‍ പൊതുവായ സമീപനത്തില്‍ നിന്നുകൊണ്ട് ആവശ്യമായ പ്രാദേശിക ഭേദഗതികള്‍ മാനുഷികപരിഗണന കൂടി കണക്കിലെടുത്ത് വേണം ജില്ലാ കലക്ടര്‍മാര്‍ തയാറാക്കേണ്ടതെന്ന് ഉത്തരവില്‍ പറയുന്നു.

Tags: