ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ്: സർവകക്ഷി യോഗം നാളെ; തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനും സാധ്യത

ജനുവരിയിലോ ഫെബ്രുവരിയിലോ പുതിയ ഭരണസമിതികള്‍ നിലവില്‍ വരും വിധമുളള തദ്ദേശ തിരഞ്ഞെടുപ്പ് പുനക്രമീകരണത്തെ കുറിച്ചാണ് ആലോചന.

Update: 2020-09-10 11:00 GMT

തിരുവനന്തപുരം: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്ന ആവശ്യം ചർച്ച ചെയ്യാനായി നാളെ സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടണമെന്ന ആവശ്യവും ചർച്ചയാവും. കൊവിഡ് സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാൻ സാധ്യതയുണ്ട്.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. ഇതിനോട് സർക്കാരിന് ആദ്യഘട്ടത്തിൽ എതിർപ്പായിരുന്നു. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയാകാമെന്നാണ് പുതിയ നിലപാട്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്തന്നെ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് എൽഡിഎഫ് നിലപാട്. എല്ലാ രാഷ്ട്രീയ കക്ഷികളും സമ്മതിച്ചാൽ തിരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും.

ജയിച്ചുവരുന്ന എംഎൽഎയ്ക്ക് പ്രവർത്തിക്കാൻ നാല് മാസം മാത്രമേ ലഭിക്കുവെന്നതിനാൽ ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ മാറ്റിവെയ്ക്കണമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം. കൊവിഡ് വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നും അങ്ങനെയെങ്കില്‍ മാത്രം കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാനുളള നീക്കത്തെ പിന്തുണയ്ക്കാമെന്നും പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. 

ജനുവരിയിലോ ഫെബ്രുവരിയിലോ പുതിയ ഭരണസമിതികള്‍ നിലവില്‍ വരും വിധമുളള തദ്ദേശ തിരഞ്ഞെടുപ്പ് പുനക്രമീകരണത്തെ കുറിച്ചാണ് ആലോചന. ഇടതുമുന്നണിയുടെ കൂടി അംഗീകാരത്തോടെ നാളത്തെ സര്‍വ്വകക്ഷി യോഗത്തില്‍ ഇക്കാര്യത്തിൽ സമവായമുണ്ടാക്കാനാണ് നീക്കം.

Tags: