ഏഴ് ജില്ലകളില്‍ മറ്റന്നാള്‍ തദ്ദേശ വിധിയെഴുത്ത്; ഇന്ന് കൊട്ടിക്കലാശം

Update: 2025-12-07 06:07 GMT

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പ്രചാരണത്തിന് ഇന്ന് കൊടിയിറങ്ങുകയാണ്. കൊട്ടിക്കലാശത്തോടെയാണ് അവസാന ദിവസമായ പരസ്യപ്രചാരണത്തിന്റെ കൊടിയിറക്കം. ആദ്യഘട്ട തിരഞ്ഞെടുപ്പ് ഏഴ് ജില്ലകളിലാണ് നടക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി 75633 പേരാണ് മല്‍സര രംഗത്തുള്ളത്. 23576 വാര്‍ഡുകളിലേക്കാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് കോര്‍പ്പറേഷന്‍, 39 മുനിസിപ്പാലിറ്റി, ഏഴ് ജില്ലാ പഞ്ചായത്ത്, 75 ബ്ലോക്ക് പഞ്ചായത്ത്, 471 ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച ജനങ്ങള്‍ വിധിയെഴുതുക. ആദ്യഘട്ടത്തില്‍ ഏഴ് ജില്ലകളില്‍ ചൊവ്വാഴ്ച വിധി എഴുതുമ്പോള്‍ ബാക്കിയുള്ള ജില്ലകളില്‍ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങും. തൃശ്ശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലാണ് ചൊവ്വാഴ്ച രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.