കുട്ടനാട് ഉപതിരഞ്ഞെടുപ്പ്: എൽഡിഎഫ് യോഗം ഇന്നുചേരും

ജനാധിപത്യ കേരളാ കോൺഗ്രസിലെ പിളർപ്പ് ഏറെക്കുറെ ഉറപ്പായ പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗമെന്നതും ശ്രദ്ധേയമാണ്.

Update: 2020-03-10 05:00 GMT

തിരുവനന്തപുരം: കുട്ടനാട് ഉപതിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാനായി എൽഡിഎഫ് യോഗം ഇന്നു ചേരും. വൈകീട്ടാണ് യോഗം. കുട്ടനാട് ഉപതിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാർഥിയെ തീരുമാനിക്കാൻ എൻസിപി നേതാക്കളുടെ യോഗവും ഇന്ന് നടക്കും.

ജനാധിപത്യ കേരളാ കോൺഗ്രസിലെ പിളർപ്പ് ഏറെക്കുറെ ഉറപ്പായ പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗമെന്നതും ശ്രദ്ധേയമാണ്. പി ജെ ജോസഫിനൊപ്പം പോകാനുറച്ച ജനാധിപത്യ കേരളാ കോൺഗ്രസ് ട്രഷറർ ഫ്രാൻസിസ് ജോർജ് വിട്ടുനിൽക്കുമെങ്കിലും ആന്റണി രാജുവും കെ സി ജോസഫും ഇടത് മുന്നണി യോഗത്തിൽ പങ്കെടുക്കും. യോഗം ബഹിഷ്‌കരിക്കുമെന്ന് ഫ്രാൻസിസ് ജോർജ് പറയുമ്പോൾ ആന്റണി രാജു ഉൾപ്പെടെയുള്ളവർ വിയോജിക്കുന്നു.

കുട്ടനാട് ഉപതിരഞ്ഞെടുപ്പാണ് മറ്റൊരു പ്രധാന അജണ്ട. ഇതേ വിഷയവുമായി എൻസിപി നേതൃയോഗവും ഇന്ന് ചേരുന്നുണ്ട്. സംസ്ഥാന ഭാരവാഹിയോഗം ചുമതലപ്പെടുത്തിയത് അനുസരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷനും രണ്ട് എംഎൽഎമാരുമാണ് യോഗം ചേരുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി സലിം പി മാത്യു, തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് എന്നിവരാണ് പരിഗണനയിൽ. ടി പി പീതാംബരൻ തോമസ് കെ തോമസിനു വേണ്ടിയും മാണി സി.കാപ്പൻ സലിം പി മാത്യുവിനു വേണ്ടിയും വാദിക്കുന്നവരാണ്. എ കെ ശശീന്ദ്രൻ വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിട്ടുമില്ല.

Tags: