തദ്ദേശ തിരഞ്ഞെടുപ്പ്: വിജയികളുടെ സത്യപ്രതിജ്ഞ 21ന്; മാതൃകാ പെരുമാറ്റച്ചട്ടം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21ന് നടക്കും. നിലവിലെ ഭരണസമിതിയുടെ 5 വര്‍ഷ കാലാവധി 20നാണ് അവസാനിക്കുന്നത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ 21ന് രാവിലെ 10നും കോര്‍പ്പറേഷനില്‍ 11.30നുമാണ് സത്യപ്രതിജ്ഞ. പ്രായം കൂടിയ അംഗങ്ങളാവും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം പ്രതിജ്ഞയെടുത്ത മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും.
മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് 2.30നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30നും നടക്കും. വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണത്തിന്റെ പകുതിയാണ് ക്വാറം വേണ്ടത്. ക്വാറമില്ലെങ്കില്‍ തൊട്ടടുത്ത പ്രവൃത്തിദിവസം യോഗം ചേര്‍ന്ന ക്വാറം ഇല്ലാതെ തിരഞ്ഞെടുപ്പ് നടത്താം.
അതേസമയം സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരുന്ന മാതൃകാ പെരുമാറ്റച്ചട്ടം പിന്‍വലിച്ചു. നവംബര്‍ 10ന് നിലവില്‍ വന്ന പെരുമാറ്റച്ചട്ടമാണ് ഡിസംബര്‍ 15ന് പിന്‍വലിച്ചത്. എന്നാല്‍ മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്ത് 7-ാം വാര്‍ഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് 10-ാം വാര്‍ഡ്, തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 66-ാം ഡിവിഷന്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥികള്‍ അന്തരിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. അതിനാല്‍ മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമ പഞ്ചായത്തിലും എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമ പഞ്ചായത്തിലും പൂര്‍ണ്ണമായും, തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 66-ാം ഡിവിഷനായ വിഴിഞ്ഞത്തും തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകന്നതുവരെ മാതൃകാപെരുമാറ്റചട്ടം നിലനില്‍ക്കും.
