തദ്ദേശ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയില്‍ എസ് ഡിപിഐയും പിഡിപിയും സഹകരിച്ച് മല്‍സരിക്കും

സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വരേണ്യതാല്‍പര്യങ്ങള്‍ക്ക് വിധേയപ്പെട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ ദലിത്- പിന്നാക്ക മതന്യൂനപക്ഷങ്ങളുടെ കൂട്ടായ്മ വളരെ പ്രസക്തമാവുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരം ജില്ലയിലെ പിഡിപി- എസ് ഡിപിഐ നേതാക്കള്‍ ഇത്തരത്തില്‍ ഒരു കൂട്ടായ്മയ്ക്ക് രൂപം നല്‍കുന്നത്.

Update: 2020-11-09 12:02 GMT

തിരുവനന്തപുരം: ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ എസ് ഡിപിഐ- പിഡിപി പാര്‍ട്ടികള്‍ ഒരുമിച്ച് മല്‍സരിക്കും. പിഡിപി- എസ് ഡിപിഐ തിരുവനന്തപുരം ജില്ലാ ഭാരവാഹികള്‍ തിരുവനന്തപുരത്ത് സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വരേണ്യതാല്‍പര്യങ്ങള്‍ക്ക് വിധേയപ്പെട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ ദലിത്- പിന്നാക്ക മതന്യൂനപക്ഷങ്ങളുടെ കൂട്ടായ്മ വളരെ പ്രസക്തമാവുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരം ജില്ലയിലെ പിഡിപി- എസ് ഡിപിഐ നേതാക്കള്‍ ഇത്തരത്തില്‍ ഒരു കൂട്ടായ്മയ്ക്ക് രൂപം നല്‍കുന്നത്.

വിവിധ ദലിത്- പിന്നാക്ക മതന്യൂനപക്ഷ സംഘടനകള്‍ കൂട്ടായ്മയില്‍ ഭാഗമാവുമെന്നും അത്തരത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും നേതാക്കള്‍ അറിയിച്ചു. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഫാഷിസം അതിശക്തമായി കരുത്താര്‍ജിക്കുകയും രാജ്യത്തെ ഏറ്റവും വലിയ മതേതരത്വപ്രസ്ഥാനം എന്നറിയപ്പെടുന്ന കോണ്‍ഗ്രസ് പലപ്പോഴും ഫാഷിസത്തോട് സന്ധിയാവുകയും ഇടത് പ്രസ്ഥാനങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ദലിത്- പിന്നാക്ക മതന്യൂനപക്ഷങ്ങളെ വോട്ടുബാങ്കാക്കി മാത്രം കാണുകയും ചെയ്യുന്ന സാഹചര്യത്തില്‍ പിന്നാക്ക- ദലിത് മതന്യൂനപക്ഷങ്ങളുടെ ഐക്യം അനിവാര്യമായ സന്ദര്‍ഭമാണ് നിലവിലുള്ളതെന്ന തിരിച്ചറിവില്‍നിന്നാണ് പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ കൂട്ടായ്മ രൂപംകൊള്ളുന്നത്.

രാജ്യത്തെ മുഴുവന്‍ ജനാധിപത്യ മതേതരത്വ പ്രസ്ഥാനങ്ങളും ഒന്നിച്ചുനിന്നാല്‍ മാത്രമേ ഫാഷിസത്തെ പരാജയപ്പെടുത്തി രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ എന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. നേതാക്കളായ നടയറ ജബ്ബാര്‍, അഷ്‌റഫ് നഗരൂര്‍, അണ്ടൂര്‍ക്കോണം സുല്‍ഫി, നവാസ് പ്ലാമൂട്ടില്‍, പീരു മുഹമ്മദ് മാണിക്യവിളാകം, ഇബ്രാഹിം മൗലവി, ഷബീര്‍ ആസാദ്, വേലുശ്ശേരി സലാം, ഷിഹാബുദ്ദീന്‍ മന്നാനി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ അഡ്വ. കാഞ്ഞിരമറ്റം സിറാജ്, എസ് ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള, പിഡിപി ജില്ലാ സെക്രട്ടറി മണക്കാട് സഫര്‍, എസ് ഡിപിഐ ജനറല്‍ സെക്രട്ടറി പ്രാവച്ചമ്പലം അഷ്‌റഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: