തദ്ദേശ തിരഞ്ഞെടുപ്പ്: അഞ്ചു ജില്ലകൾ ഇന്ന് പോളിങ് ബൂത്തിലേക്ക്
പോളിങ് കേന്ദ്രങ്ങളിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അണുനശീകരണം ഇന്നലെ പൂർത്തിയാക്കിയിരുന്നു.
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ അഞ്ച് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്.
പോളിങ് കേന്ദ്രങ്ങളിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അണുനശീകരണം ഇന്നലെ പൂർത്തിയാക്കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് വോട്ടർമാരെ പോളിങ് കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുക.
പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ പൂർത്തിയായതായി സർക്കാർ അറിയിച്ചു. ഇന്നലെത്തന്നെ ബൂത്തുകളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ള പോളിങ് സാമഗ്രികൾ എത്തിച്ചു. ഇവയുടെ സുരക്ഷയ്ക്കു പ്രത്യേക പോലിസ് സംഘത്തെയും വിവിധ ബൂത്തുകളിലായി നിയോഗിച്ചിട്ടുണ്ട്.