ഇരുമുന്നണികളോടും അടുപ്പമോ അകല്‍ച്ചയോ ഇല്ല: എസ് ഡിപിഐ

Update: 2020-12-19 11:23 GMT

പത്തനംതിട്ട: പാര്‍ട്ടി നിര്‍ണായകമായ നഗരസഭകളിലും പഞ്ചായത്തിലും നാടിന്റെ വികസനം മുന്‍നിര്‍ത്തി ബിജെപി ഒഴികെ ആരുമായും സഹകരിക്കുമെന്ന് എസ് ഡിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. എല്‍ഡിഎഫിനോടോ യുഡിഎഫിനോടോ എസ്ഡിപിഐയ്ക്ക് കടുത്ത ശത്രുതയോ പ്രത്യേക അടുപ്പമോ ഇല്ല. തിരിച്ചും അങ്ങനെ തന്നെയാണന്നാണ് വിശ്വാസം. ഭരണസ്തംഭനമുണ്ടാവാതിരിക്കാന്‍ പാര്‍ട്ടി ശ്രദ്ധിയ്ക്കും.

നിലവില്‍ പത്തനംതിട്ട, തിരുവല്ല നഗരസഭകളിലും കോട്ടാങ്ങല്‍ പഞ്ചായത്തിലുമാണ് പാര്‍ട്ടി തീരുമാനം നിര്‍ണായകമായത്. എസ് ഡിപിഐയുടെ രാഷ്ട്രീയ അസ്തിത്വത്തെ അംഗീകരിക്കുന്നവരും നാടിന്റെ വികസനത്തിന് ഊന്നല്‍ നല്‍കുന്നവരുമായി സഹകരിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ നിരണം, സെക്രട്ടറി മുഹമ്മദ് അനീഷ്, ട്രഷറര്‍ റിയാഷ് കുമ്മണ്ണൂര്‍ സംസാരിച്ചു.

Tags: