കൊച്ചി കോര്‍പറേഷന്‍ എല്‍ഡിഎഫ് ഭരിക്കുമെന്ന് സൂചന; പിന്തുണ പ്രഖ്യാപിച്ച് ലീഗ് വിമതന്‍

ലീഗ് വിമതനായി മല്‍സരിച്ച് വിജയിച്ച ടി കെ അഷറഫ് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇരു മുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാത്ത കൊച്ചി കോര്‍പറേഷന്‍ ഭരണത്തിലേക്ക് ഇടവേളയ്ക്ക് ശേഷം വീണ്ടും എല്‍ഡിഎഫ് എത്തുന്നത്.

Update: 2020-12-17 06:11 GMT

കൊച്ചി: പത്തുവര്‍ഷങ്ങള്‍ക്കുശേഷം കൊച്ചി കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫിന്റെ കൈകളിലേക്ക്.ലീഗ് വിമതനായി മല്‍സരിച്ച് വിജയിച്ച ടി കെ അഷറഫ് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇരു മുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാത്ത കൊച്ചി കോര്‍പറേഷന്‍ ഭരണത്തിലേക്ക് ഇടവേളയ്ക്ക് ശേഷം വീണ്ടും എല്‍ഡിഎഫ് എത്തുന്നത്.പശ്ചിമ കൊച്ചിയിലെ കല്‍വത്തി ഡിവഷനില്‍ നിന്നാണ് ലീഗ് വിമതനായി ടി കെ അഷറഫ് മല്‍സരിച്ചത്.കഴിഞ്ഞ രണ്ടു തവണയായി കൊച്ചി കോര്‍പറേഷന്‍ ഭരിച്ചിരുന്ന യുഡിഎഫിന് ഇത്തവണ 31 സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 34 സീറ്റു നേടി എല്‍ഡിഎഫ് ഏറ്റുവും വലിയ ഒറ്റക്കക്ഷിയാകുകയും എന്‍ഡിഎ അഞ്ചിടത്തും നാലിടത്ത് യുഡിഎഫ്,എല്‍ഡിഎഫ് വിമതര്‍ വിജയിക്കുകയും ചെയ്തതോടെയാണ് കൊച്ചി കോര്‍പറേഷന്‍ ആര് ഭരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം ഉടലെടുത്തത്.38 സീറ്റിന്റെ ഭൂരിപക്ഷം ലഭിക്കുന്ന കക്ഷിക്ക് കോര്‍പറേഷന്‍ ഭരിക്കാമെന്നായിരുന്നു കണക്കുകൂട്ടലെങ്കിലും 

എന്‍ഡിഎയുമായിയുഡിഎഫും എല്‍ഡിഎഫും സഹകരിക്കാത്ത സാഹചര്യത്തില്‍ 35 സീറ്റിന്റെ ഭൂരിപക്ഷമുള്ള മുന്നണിക്ക് ഭരണത്തിലേറാം.നാലു വിമതരില്‍ മൂന്നു പേര്‍ യുഡിഎഫ് വിമതരും ഒരാള്‍ എല്‍ഡിഎഫ് വിമതനുമാണ് 34 സീറ്റുള്ള എല്‍ഡിഎഫിന് ഒരു വിമതന്റെ പിന്തുണ മാത്രമുണ്ടെങ്കില്‍ ഭരിക്കാം.എന്നാല്‍ യുഡിഎഫിന് നാലു വിമതരുടെയും പിന്തുണ ആവശ്യമാണ്. കോര്‍പേറഷനില്‍ വീണ്ടും ഭരണം പിടിക്കാനായി യുഡിഎഫ് ഇന്നലെ തന്നെ നാലു വിമതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എല്‍ഡിഎഫും വിമതരുമായി ചര്‍ച്ച നടത്തിയിരുന്നു.തുടര്‍ന്ന് ഇന്ന് രാവിലെ  ടി കെ അഷറഫുമായി വീണ്ടും ചര്‍ച്ച നടത്തി ധാരണയിലെത്തിയതോടെയാണ് കൊച്ചിയുടെ ഭരണം ഇടവേളയ്ക്കു ശേഷം എല്‍ഡിഫിന്റെ കൈകളിലെത്താന്‍ കളമൊരുങ്ങിയത്.

കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായി ചര്‍ച്ചയ്ക്ക് ശേഷം ടി കെ അഷറഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.യാതൊരു ഉപാധിയുമില്ലാതെയാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നതെന്നും അഷറഫ് പറഞ്ഞു.സ്മാര്‍ട് സിറ്റി പദ്ധി,രാജീവ് ആവാസ് യോജന അടക്കമുള്ള പദ്ധതികളില്‍ പിന്നാക്കാവസ്ഥയിലുള്ള മട്ടാഞ്ചേരി പ്രദേശത്ത് ഭവന ദാരിദ്രമുള്ള ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.കഴിഞ്ഞ ഭരണസമതിക്ക് ഇത് വേണ്ട രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിഞ്ഞില്ല.ഇത്തരം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കാനുള്ള സഹായം നല്‍കണമെന്നതാണ് താന്‍ എല്‍ഡിഎഫിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ടി കെ അഷറഫ് പറഞ്ഞു.

ഇത് സമയബന്ധിതമായി തന്നെ നടപ്പിലാക്കാമെന്ന് എല്‍ഡിഎഫ് തനിക്ക് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ടി കെ അഷറഫ് പറഞ്ഞു.ഭരണത്തില്‍ എതു വിധത്തിലുള്ള പങ്കാളിത്തമാണ് എന്നത് സംബന്ധിച്ച് ഇപ്പോള്‍ വ്യക്തമായ വാഗ്ദാനം ഇല്ലെങ്കിലും ഇത് സ്വാഭാവികമായി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇക്കാര്യം ചര്‍ച്ചയിലേക്ക് വന്നിട്ടില്ലെന്നും ടി കെ അഷറഫ് വ്യക്തമാക്കി.കോണ്‍ഗ്രസുമായി തനിക്ക് നല്ല ബന്ധമാണുള്ളത്.പക്ഷേ 35 അംഗ ഭൂരിപക്ഷമുണ്ടെങ്കിലെ കൊച്ചി കോര്‍പറേഷന്‍ ഭരിക്കാന്‍ കഴിയു.കൂടുതല്‍ വിമതര്‍ എല്‍ഡിഎഫിന് പിന്തുണ നല്‍കുമെന്നും ടി കെ അഷറഫ് വ്യക്തമാക്കി.

Tags:    

Similar News