സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പ്; ഫണ്ടില്ലാതെ വലഞ്ഞ് തദ്ദേശഭരണ സ്ഥാപനങ്ങള്‍

നിരീക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പിന് ഭാരിച്ച ചിലവാണ് ആവശ്യമായി വരുന്നത്. പ്രവാസികളുടെ വരവ് കൂടുന്നതോടെ മുന്നോട്ടുള്ള പോക്ക് പ്രതിസന്ധിയിലാകുമെന്ന ആശങ്ക തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചു.

Update: 2020-05-12 07:00 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പില്‍ ഫണ്ടില്ലാതെ വലഞ്ഞ് തദ്ദേശ സ്ഥാപനങ്ങള്‍. എല്ലാ ജില്ലകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്  കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളുടെ ചുമതല. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പണം അനുവദിച്ചിട്ടില്ല.

നിരീക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പിന് ഭാരിച്ച ചിലവാണ് ആവശ്യമായി വരുന്നത്. പ്രവാസികളുടെ വരവ് കൂടുന്നതോടെ മുന്നോട്ടുള്ള പോക്ക് പ്രതിസന്ധിയിലാകുമെന്ന ആശങ്ക തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചു. ഇനിയും ഏറെക്കാലം മറുനാടന്‍ മലയാളികളുടെ മടങ്ങിവരവ് തുടരുമെന്നതിനാല്‍ നിരീക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പ് മാസങ്ങളോളം തുടരേണ്ടി വരുമെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നുമാണ് ഇപ്പോള്‍ പണം ചെലവഴിക്കുന്നത്. എന്നാല്‍ ഒരു പരിധി കഴിഞ്ഞാല്‍ ഇത് സാധ്യമല്ല. പുറമേ നിന്നുള്ള സഹായം സ്വീകരിക്കുന്നതിനും പരിമിതികള്‍ ഏറെയാണ്.

പ്രവാസികളേയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളെയും സ്വീകരിക്കാന്‍ സംസ്ഥാനം പൂര്‍ണ സജ്ജമാണെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ആളുകളെയും കേരളം സ്വീകരിക്കുമെന്നും ഇതിനായി 1.35 ലക്ഷം മുറികള്‍ ഒരുക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയേയും അറിയിച്ചിരുന്നു. എന്നാല്‍ നിരീക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പിനുള്ള മുഴുവന്‍ ചുമതലയും സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ ചുമലില്‍ വെച്ചുവെന്നാണ് പരാതി. ഓരോ വ്യക്തിയുടേയും നിരീക്ഷണ കാലയളവിലെ ഭക്ഷണമടക്കം എല്ലാ ചിലവുകളും തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കണം. ഒരാള്‍ ഉപയോഗിച്ച കിടക്ക മറ്റൊരാള്‍ ഉപയോഗിക്കരുത്, ഇത് കത്തിച്ചു കളയണം. ഓരോരുത്തര്‍ക്കും പുതുതായി പാത്രമടക്കം എല്ലാ സാധനങ്ങളും വാങ്ങണം. കമ്മ്യൂണിറ്റി കിച്ചന്‍ നടത്തിപ്പിലൂടെ തന്നെ വന്‍ സാമ്പത്തിക ബാധ്യത പേറുന്ന തദ്ദേശ സ്ഥാപനങ്ങളെ നിരീക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പ് കൂടുതല്‍ പ്രതിസന്ധിയിലാക്കി.

ലക്ഷക്കണക്കിന് പ്രവാസികള്‍ തിരിച്ചെത്തുന്നതോടെ വരും ദിവസങ്ങളില്‍ ഇത്തരം നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് ധാരാളം പേരെത്തും. സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും നിരീക്ഷണ കേന്ദ്രങ്ങള്‍ തുറക്കേണ്ടി വരും. കേന്ദ്രങ്ങളുടെ നടത്തിപ്പിനും സമൂഹ അടുക്കളയ്ക്കും സര്‍ക്കാര്‍ സാമ്പത്തിക സഹായമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും എത്രയും പെട്ടെന്ന സഹായം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഇരു മുന്നണികളും ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പരസ്യ നിലപാടുമായി മുന്നോട്ടുവരാന്‍ യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തീരുമാനമെടുത്തിട്ടുണ്ട്.

Tags:    

Similar News