ജെഡിഎസ്- എല്‍ജെഡി ലയനം: മുന്നിലുള്ളത് ചില സാങ്കേതികതടസം മാത്രമെന്ന് കെ കൃഷ്ണന്‍കുട്ടി
ചിഹ്‌നത്തിന്റെയും മറ്റും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മാത്രമാണിപ്പോള്‍ ഒന്നിക്കുന്നതില്‍ തടസ്സമായി നിലനില്‍ക്കുന്നതെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ കെ കൃഷ്ണന്‍കുട്ടി കോഴിക്കോട് വ്യക്തമാക്കി.
കോഴിക്കോട്: എം പി വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന ലോക് തന്ത്രിക് ജനതാദളും (എല്‍ജെഡി) ജനതാദള്‍ എസ്സും (ജെഡിഎസ്) തമ്മിലുള്ള ലയനം വൈകാതെ ഉണ്ടാവും. ചിഹ്‌നത്തിന്റെയും മറ്റും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മാത്രമാണിപ്പോള്‍ ഒന്നിക്കുന്നതില്‍ തടസ്സമായി നിലനില്‍ക്കുന്നതെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ കെ കൃഷ്ണന്‍കുട്ടി കോഴിക്കോട് വ്യക്തമാക്കി. സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്നാണ് ആഗ്രഹം. ലയനത്തിന് ദേവഗൗഡയ്ക്കും എതിര്‍പ്പില്ല. വീരേന്ദ്രകുമാറുമായി ഇക്കാര്യം സംസാരിച്ചിട്ടില്ല. ആരും പരസ്പരം ശത്രുക്കളല്ല. ദേശീയതലത്തില്‍ തന്നെ ലയനമുണ്ടാവും.
അഖിലേഷ് യാദവുമായടക്കം ചര്‍ച്ചകള്‍ നടക്കുകയാണ്. എല്‍ജെഡി- ജെഡിഎസ് ലയനം അധികം വൈകാതെ ഉണ്ടാവുമെന്നും കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. അതേസമയം, ജെഡിഎസ്സിന് എപ്പോള്‍ വേണമെങ്കിലും എല്‍ജെഡിയില്‍ ലയിക്കാമെന്ന് സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയംസ് കുമാര്‍ പ്രതികരിച്ചു. വലിയ പാര്‍ട്ടികളില്‍ ചെറിയ പാര്‍ട്ടികള്‍ ലയിക്കുന്നതാണ് പതിവ്. സംസ്ഥാന തലത്തിലെ ലയനം എന്നതിലുപരി ദേശീയതലത്തില്‍ വിശാലമായ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണം വേണമെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.
സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ലയനം വേണമെന്ന കെ കൃഷ്ണന്‍കുട്ടിയുടെ പ്രസ്താവന സ്വാഗതാര്‍ഹമെന്ന് എല്‍ജെഡി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജും പ്രതികരിച്ചു. ദേശീയ പാര്‍ട്ടികളായതിനാല്‍ സംസ്ഥാന തലത്തില്‍ മാത്രം എല്‍ജെഡി- ജെഡിഎസ് ലയനത്തിന് സാങ്കേതിക തടസമുണ്ട്. എന്നാല്‍, വര്‍ഗീയശക്തികളെ തകര്‍ക്കാന്‍ ലയനത്തിന് എല്‍ജെഡി സംസ്ഥാന നേതൃത്വം മുന്‍കൈയെടുക്കും. എല്‍ജെഡിയുടെ ഒരുവോട്ടു പോലും വടകരയില്‍ ചോര്‍ന്നിട്ടില്ല. ബിജെപി യുഡിഎഫിന് വോട്ടുമറിച്ചതാണ് എല്‍ഡിഎഫിന്റെ തോല്‍വിക്ക് കാരണമെന്നും വര്‍ഗീസ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
നിരവധി ചര്‍ച്ചകള്‍ നടന്നുവെങ്കിലും അധ്യക്ഷ പദവിയില്‍ ഉടക്കി എല്‍ജെഡി- ജെഡിഎസ് ലയനം വഴിമുട്ടുകയായിരുന്നു. ശ്രേയാംസ് കുമാറിന് സംസ്ഥാന അധ്യക്ഷ പദവി നല്‍കാനാവില്ലെന്ന് ജെഡിഎസ് ദേശീയ അധ്യക്ഷന്‍ ദേവഗൗഡ വ്യക്തമാക്കിയതാണ് പ്രതിസന്ധിക്ക് കാരണമായിരുന്നത്. എല്‍ജെഡിയിലെ രണ്ടാംനിര നേതാക്കളും ലയനത്തെ എതിര്‍ത്തിരുന്നു. സ്ഥാനമാനങ്ങളില്ലാതാവുമോ എന്ന ആശങ്കയാണ് എതിര്‍പ്പിനിടയാക്കിയത്. ഇപ്പോള്‍ തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍.
