ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം: ഹൈക്കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് രമേശ് ചെന്നിത്തല

നിസാമുദ്ദീനില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ വ്യാപകമായി വേട്ടയാടുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അസുഖം ആര്‍ക്കും വരാം. അസുഖം പടരുമെന്ന് കരുതിയല്ല അവരാരും സമ്മേളനത്തില്‍ പങ്കെടുത്തത്.

Update: 2020-04-02 09:17 GMT

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ മദ്യം വീടുകളിലെത്തിച്ച് വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡോക്ടര്‍മാരുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം വീടുകളിലെത്തിച്ച് നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവ് അക്ഷരാര്‍ഥത്തില്‍ ജനങ്ങളോടുള്ള വെല്ലുവിളിയായിരുന്നു. തികച്ചും അധാര്‍മികമായ ഒരു നിലപാടായിരുന്നു ഇത്. ഹൈക്കോടതിയുടെ സമയോചിതമായ ഇടപെടല്‍ സംസ്ഥാനത്തെയും ജനങ്ങളെയും രക്ഷിച്ചിരിക്കുകയാണ്.

ലോകത്ത് മുമ്പെങ്ങും കേള്‍ക്കാത്ത വിധത്തിലുള്ള ഈ ഉത്തരവിറക്കിയ സര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിസാമുദ്ദീനില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ വ്യാപകമായി വേട്ടയാടുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അസുഖം ആര്‍ക്കും വരാം. അസുഖം പടരുമെന്ന് കരുതിയല്ല അവരാരും സമ്മേളനത്തില്‍ പങ്കെടുത്തത്. അവരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതും പരിഹസിക്കുന്നതും അതിന്റെ പേരില്‍ വര്‍ഗീയപ്രചരണങ്ങള്‍ അഴിച്ചുവിടുന്നതും കേരളം പോലെയുള്ള സാക്ഷരസമൂഹത്തിന് ചേര്‍ന്നതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സൗജന്യമായി അരി നല്‍കുന്നുവെന്ന സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണ്. കിട്ടിക്കൊണ്ടിരുന്ന റേഷനല്ലാതെ മറ്റൊന്നും ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ആവശ്യാനുസരണം റേഷന്‍ ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ക്കെത്തിക്കാനുള്ള നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവേണ്ടതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.  

Tags: