ഡ്രൈവിങ് സ്‌കൂള്‍ ഏജന്റുമാര്‍ക്ക് മദ്യസല്‍കാരം; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരൂരങ്ങാടി ആര്‍ ടി ഓഫിസിലെ സുനില്‍ബാബു, പട്ടാമ്പി ആര്‍ടി ഓഫിസിലെ ബെന്നി വര്‍ഗീസ് എന്നിവരെയാണ് സംസ്ഥാന ഗതാഗത കമ്മീഷണര്‍ ആര്‍ ശ്രീലേഖ സര്‍വീസില്‍നിന്ന് സസ്‌പെന്റ് ചെയ്തത്. സംഭവത്തില്‍ മധ്യമേഖല ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍ സുരേഷിന്റെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Update: 2020-01-15 11:37 GMT

മലപ്പുറം: തിരൂരങ്ങാടിയില്‍ ഡ്രൈവിങ് സ്‌കൂള്‍ ഏജന്റുമാര്‍ക്കായി മദ്യസല്‍കാരം നടത്തിയ സംഭവത്തില്‍ രണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ സസ്‌പെന്റ് ചെയ്തു. തിരൂരങ്ങാടി ആര്‍ ടി ഓഫിസിലെ സുനില്‍ബാബു, പട്ടാമ്പി ആര്‍ടി ഓഫിസിലെ ബെന്നി വര്‍ഗീസ് എന്നിവരെയാണ് സംസ്ഥാന ഗതാഗത കമ്മീഷണര്‍ ആര്‍ ശ്രീലേഖ സര്‍വീസില്‍നിന്ന് സസ്‌പെന്റ് ചെയ്തത്. സംഭവത്തില്‍ മധ്യമേഖല ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍ സുരേഷിന്റെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ പൊതുപണിമുടക്ക് ദിവസമാണ് മലപ്പുറം തിരൂരങ്ങാടിക്ക് സമീപത്തെ സ്വകാര്യഹോട്ടലില്‍ വിവാദമദ്യസത്കാരം നടന്നത്. ഡ്രൈവിങ് സ്‌കൂളുകാരും ഏജന്റുമാരും ചേര്‍ന്ന് നടത്തിയ സല്‍കാരത്തില്‍ രണ്ട് എംവിഐമാരും പങ്കെടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്ന് അന്വേഷണത്തിന് മന്ത്രി എ കെ ശശീന്ദ്രന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ഡെപ്യൂട്ടി ഗതാഗത കമ്മീഷണര്‍ എം സുരേഷ് തിരൂരങ്ങാടി ജോയിന്റ് ആര്‍ടി ഓഫിസിലെത്തി അന്വേഷണം നടത്തി. ഹോട്ടലില്‍ സത്കാരം സംഘടിപ്പിച്ച കാര്യം അറിയിച്ചുകൊണ്ട് എംവിഐ സുനില്‍ ബാബു വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ശബ്ദസന്ദേശമിട്ടിരുന്നു.

ഔദ്യോഗികയോഗമല്ലെന്നും എന്നാല്‍ എല്ലാവരും പങ്കെടുക്കണമെന്നും വിനോദത്തിനു സൗകര്യമൊരുക്കിയിട്ടുണ്ടെന്നുമായിരുന്നു സന്ദേശം. സംഗമത്തില്‍ ജോയിന്റ് ആര്‍ടിഒ, എംവിഐമാര്‍ എന്നിവര്‍ക്കു പുറമേ 35 ഓളം ഏജന്റുമാരും പങ്കെടുത്തു. ചെറുപ്രസംഗത്തിനുശേഷം ഭക്ഷണവും ആവശ്യമുള്ളവര്‍ക്ക് മദ്യവും വിളമ്പി. ഇതിന്റെ വിഡിയോയും ശബ്ദസന്ദേശവും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. 

Tags:    

Similar News