ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുളള ധാരണാപത്രം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറി

ധാരണാപത്രം പുറത്തുവിടണമെന്നും ധാരണപത്രത്തിലെ വ്യവസ്ഥകൾ എന്ത് എന്നുളളത് സംബന്ധിച്ച് നിരവധി ചർച്ചകൾ നേരത്തേ ഉയർന്നിരുന്നു.

Update: 2020-08-18 05:00 GMT

തിരുവനന്തപുരം: അഴിമതി ആരോപണം ഉയർന്നതിന് പിന്നാലെ ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുളള ധാരണാപത്രം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറി. ലൈഫ് മിഷൻ കൈമാറിയ രേഖകൾ ഇഡി പരിശോധിച്ചു വരികയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് റെഡ് ക്രസന്റുമായി ലൈഫ് മിഷൻ സിഇഒ യു വി ജോസ് ധാരണാപത്രം ഒപ്പിട്ടത്. ചീഫ് സെക്രട്ടറിയും ശിവശങ്കറും കോൺസുലേറ്റ് പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചിരുന്നു. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയുടെ ലോക്കറിലുളള തുക കമ്മിഷൻ ഇനത്തിൽ കിട്ടിയതാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്.

ധാരണാപത്രം പുറത്തുവിടണമെന്നും ധാരണപത്രത്തിലെ വ്യവസ്ഥകൾ എന്ത് എന്നുളളത് സംബന്ധിച്ച് നിരവധി ചർച്ചകൾ നേരത്തേ ഉയർന്നിരുന്നു. പ്രതിപക്ഷ നേതാവ് അടക്കം ഇക്കാര്യങ്ങൾ ഉന്നയിക്കുകയും അനിൽ അക്കര എംഎൽഎ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും ധാരണാപത്രത്തിന്റെ പകർപ്പ് നൽകിയിരുന്നില്ല. 

എന്നാൽ അഴിമതി ആരോപണങ്ങൾ ശക്തമായതോടെ റെഡ്ക്രസന്റുമായി ലൈഫ് മിഷൻ ഒപ്പുവെച്ച ധാരണാപത്രവും മുഴുവൻ സർക്കാർ രേഖകളും നൽകണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ സിഇഒ യു വി ജോസിന് ഇഡി ഉദ്യോഗസ്ഥർ നോട്ടീസ് നൽകി. ഇഡി ആവശ്യപ്പെട്ടതോടെ രേഖ കൈമാറാൻ അധികൃതർ നിർബന്ധിതമായി. 

Tags: