അടിമുടി മാറുന്നു; താഴെത്തട്ടുമുതൽ കോൺഗ്രസിലും ലെവി സമ്പ്രദായം വരുന്നു

പഞ്ചായത്തുകളിലെയും നഗരസഭകളിലെയും പാർട്ടി ജനപ്രതിനിധികളും അധ്യാപക യൂനിയനിലുള്ളവരും സഹകരണ ബാങ്ക് ഡയറക്ടർമാരും ലെവി നൽകണം.

Update: 2021-09-20 04:25 GMT

പത്തനംതിട്ട: സംഘടനാ പ്രവർത്തനത്തിന് പണം കണ്ടെത്തുന്നതിനായി, താഴെത്തട്ടുമുതൽ ലെവി സ്വരൂപിക്കാനൊരുങ്ങി കെപിസിസി നേതൃത്വം. എൻജിഒ അസോസിയേഷനിൽ നിന്നുൾപ്പെടെ ലെവി വാങ്ങും. നാനൂറ് രൂപയാണ് ലെവിയായി നിശ്ചയിക്കാനുദ്ദേശിക്കുന്നത്. ഇരുന്നൂറ് രൂപ വീതം രണ്ടുഘട്ടമായി നൽകാം.

പഞ്ചായത്തുകളിലെയും നഗരസഭകളിലെയും പാർട്ടി ജനപ്രതിനിധികളും അധ്യാപക യൂനിയനിലുള്ളവരും സഹകരണ ബാങ്ക് ഡയറക്ടർമാരും ലെവി നൽകണം. അസംഘടിത മേഖലയിലെ തൊഴിലാളികളിൽ നിന്നും നിശ്ചിത തുക സ്വരൂപിക്കും. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ പങ്കെടുത്ത നേതൃയോഗത്തിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

ആരുടെ മുന്നിലും കൈനീട്ടാതെ സംഘടനാ പ്രവർത്തനം നടത്തുന്നതിനാണ് ഈ തീരുമാനമെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. ലെവി വാങ്ങുന്നതിന്റെ നടപടിക്രമങ്ങൾ നിരീക്ഷിക്കാൻ സംവിധാനവുമേർപ്പെടുത്തും. ഫണ്ട് പിരിവിന് വ്യക്തമായ മാനദണ്ഡമില്ലാത്തത് പ്രവർത്തനത്തിന് പലപ്പോഴും ബുദ്ധിമുട്ടാകുന്നെന്ന തിരിച്ചറിവിലാണ് ലെവി ഏർപ്പെടുത്തുന്നത്.

പാർട്ടിയെ സെമികേഡർ സംവിധാനത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി മുഴുവൻസമയ പ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്ക് ദൈനംദിന ചെലവിന് തുക നൽകാൻ കെപിസിസി നേതൃത്വം തീരുമാനിച്ചിരുന്നു. കേഡർ എന്നാൽ സമർപ്പണത്തോട് കൂടിയുള്ള പ്രവർത്തനമാണെന്നും അത് അറിയാത്തവരെ പഠിപ്പിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്.

Similar News