നിയമസഭാ സമിതി 25ന് കല്ലട ഡാം സന്ദര്‍ശിക്കും

സംസ്ഥാനത്തെ ഏറ്റവും വലിയ ജലസേചന പദ്ധതികളില്‍ ഒന്നായ കല്ലട ജലസേചന പദ്ധതിയുടെ ജലവിനിയോഗക്ഷമത വര്‍ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട ജലപരിപാലനം ഉറപ്പാക്കുന്നതിനുള്ള സാധ്യതകള്‍ ആരായുന്നതിനാണ് സന്ദർശനം.

Update: 2019-07-23 12:18 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ ജലസേചന പദ്ധതികളില്‍ ഒന്നായ കല്ലട ജലസേചന പദ്ധതിയുടെ ജലവിനിയോഗക്ഷമത വര്‍ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട ജലപരിപാലനം ഉറപ്പാക്കുന്നതിനുള്ള സാധ്യതകള്‍ ആരായുന്നതിനും നിയമസഭാ വിഷയനിര്‍ണയ സമിതി കല്ലട ഡാം സന്ദര്‍ശിക്കും. ഈ മാസം 25ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ സമിതിയംഗങ്ങള്‍ കാര്യങ്ങള്‍ നേരിട്ട് വിലയിരുത്തും. ജലവിഭവ മന്ത്രി കെ കൃഷ്ണന്‍ കുട്ടി അധ്യക്ഷനായ മൂന്നാം നമ്പര്‍ സമിതിയില്‍ എം.എല്‍.എമാരായ വി ടി ബല്‍റാം, ജി എസ് ജയലാല്‍, കെ ജെ മാക്‌സി, മോന്‍സ് ജോസഫ്, എൻ എ നെല്ലിക്കുന്ന്, പിടിഎ റഹിം, ഐ ബി സതീഷ്, പി ടി തോമസ് എന്നിവര്‍ അംഗങ്ങളാണ്.

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ കൃഷി, മത്സ്യകൃഷി, കുടിവെള്ള വിതരണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് കല്ലട ജലസേചന പദ്ധതിക്ക് തുടക്കംകുറിച്ചത്. 714 കോടി രൂപയായിരുന്നു ചെലവ്. 549 ചതുരശ്ര കിലോമീറ്റര്‍ ആണ് ഡാമിന്റെ വൃഷ്ടിപ്രദേശം. പ്രതിവര്‍ഷം 305 സെന്റീമീറ്റര്‍ മഴയാണ് ഇവിടെ ലഭിക്കുന്നത്. ഈ ജലം ഫലപ്രദമായി വിനിയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിഷയ നിര്‍ണയ സമിതി സ്ഥലം സന്ദര്‍ശിക്കുന്നത്. പദ്ധതിയുടെ ഭാഗമായ തെന്മലയില്‍ കെ.എസ്.ഇ.ബി 15 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കുന്നുണ്ട്. ഇക്കോ-ടൂറിസം കേന്ദ്രമായ ഇവിടം പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രവുമാണ്.

നിലവില്‍ 15,000 ഹെക്ടർ പ്രദേശത്ത് നെല്‍കൃഷിയുണ്ട്. ഇതിന് ആവശ്യമായതിലും കൂടുതല്‍ ജലം കല്ലട ഡാമില്‍ ലഭ്യമാണ്. ഈ ജലം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്ന് മനസിലാക്കുന്നതിനും നിലവിലെ സ്ഥിതി അറിയുന്നതിനുമായി ടി.കെ.എം എന്‍ജിനിയറിങ് കോളജിന്റെ ആഭിമുഖ്യത്തില്‍ പഠനം നടത്തിയിരുന്നു. ഡാമിലെ ജലം കൃഷിയിടങ്ങളില്‍ എത്തിക്കാനായി കുഴിച്ചിട്ട പൈപ്പുകള്‍ പലതും നശിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കല്ലട ഡാമില്‍നിന്നും കൂടുതല്‍ കൃഷിഭൂമികളിലേക്ക് സൂക്ഷ്മജലസേചന പദ്ധതികളിലൂടെയടക്കം ജലം എത്തിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് നിയമസഭാ സമിതി വിഷയം പഠിക്കുന്നത്. പുതിയ ചെറുകിട-സൂക്ഷ്മ ജലസേചന, ജലവിതരണ പദ്ധതികള്‍ ആവിഷ്‌കരിച്ച് കുടുതല്‍ പ്രദേശങ്ങളില്‍ കൃഷിക്കും കുടിക്കുന്നതിനും ജലം ലഭ്യമാക്കാന്‍ കഴിയുമോയെന്ന കാര്യവും ജലവിഭവമന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷനായ വിഷയനിര്‍ണയ സമിതി പരിശോധിക്കും.

Tags:    

Similar News