'സിജെപി പരാമര്‍ശം' ; ഇന്ത്യ സഖ്യ യോഗത്തില്‍ രാഹുല്‍ ഗാന്ധിയെ അതൃപ്തി അറിയിച്ച് ഇടത് നേതാക്കള്‍
ന്യൂഡല്‍ഹി: കേരളത്തില്‍ സിപിഎമ്മും ബിജെപിയും ഒന്നിച്ച് 'സിജെപി' ആയി പ്രവര്‍ത്തിക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ഇന്ത്യ സഖ്യ യോഗത്തില്‍ ഇടത് എംപി മാര്‍. ഡല്‍ഹിയില്‍ ഇന്നുചേര്‍ന്ന ഇന്ത്യ സഖ്യ യോഗത്തിലാണ് ഇടത് നേതാക്കളായ പി. സന്തോഷ് കുമാറും ജോണ്‍ ബ്രിട്ടാസും തങ്ങളുടെ അതൃപ്തി അറിയിച്ചത്.
പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ചചെയ്യാന്‍ രാവിലെ ചേര്‍ന്ന ഇന്ത്യ സഖ്യയോഗത്തിലാണ് ഇടത് നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ അതൃപ്തി അറിയിച്ചത്. ബിജെപിക്ക് എതിരായ പോരാട്ടത്തില്‍ ഒന്നിച്ച് നില്‍ക്കുന്നതിനിടെ രാഹുല്‍ ഗാന്ധി ഇത്തരം പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നുവെന്ന് പി. സന്തോഷ് കുമാര്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ് ആണെന്നും തിരഞ്ഞെടുപ്പിന് മുമ്പ് ഈ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
എന്നാല്‍, പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്ക് രൂപംനല്‍കാനാണ് യോഗമെന്നും അതില്‍ മറ്റ് രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിക്കുന്നത് ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ ചൂണ്ടിക്കാട്ടി. ഇതിനിടെ ഈ വിഷയത്തിലും വിശദമായ ചര്‍ച്ചയാകാമെന്ന് കെ.സി. വേണുഗോപാലും വ്യക്തമാക്കി. അതേസമയം, ഈ വിവാദം കോണ്‍ഗ്രസ്, ഇടത് നേതാക്കള്‍ പരസ്പരം ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത മറ്റ് നേതാക്കള്‍ ആവശ്യപ്പെട്ടു.