ലീഗ്- സിപിഎം പോര്: മലപ്പുറം ജില്ലയുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു; എസ്ഡിപിഐ പ്രക്ഷോഭത്തിലേക്ക്

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കില്‍ ലയിക്കുന്നില്ലെങ്കില്‍ മലപ്പുറം ജില്ലയിലെ ജനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ട്.

Update: 2020-07-12 16:41 GMT

മലപ്പുറം: ജില്ലാ സഹകരണബാങ്ക് കേരള ബാങ്കില്‍ ലയിക്കാത്തതിനാല്‍ മലപ്പുറത്തെ സാധാരണ ജനങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയുടെ സര്‍ക്കാര്‍ സഹായങ്ങള്‍ നഷ്ടമാവുന്നതായി എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. കേരള ബാങ്ക് വഴി ജില്ലയിലെ കര്‍ഷകര്‍ക്ക് നബാര്‍ഡില്‍നിന്നും ലഭിക്കേണ്ട 200 കോടിയുടെ കൊവിഡ് വായ്പാ സഹായം ഇതിനകം നഷ്ടപ്പെട്ടുകഴിഞ്ഞു. ഇപ്പോള്‍ നോര്‍ക്കയുടെ പുനരധിവാസ പദ്ധതിപ്രകാരം മടങ്ങിവരുന്ന പ്രവാസികള്‍ക്ക് ഏഴുവര്‍ഷത്തെ തിരിച്ചടവ് കാലാവധിയില്‍ 30 ലക്ഷം രൂപ വരെ മൂലധനവായ്പയായി ലഭിക്കുന്ന പദ്ധതിയാണ് പ്രവാസികള്‍ കൂടുതലുള്ള മലപ്പുറം ജില്ലയ്ക്ക് നഷ്ടമാവാന്‍ പോവുന്നത്.

വായ്പകള്‍ക്ക് നോര്‍ക്കയുടെ 15% (പരമാവധി മൂന്നുലക്ഷം) മൂലധന സബ്‌സിഡിയും കൂടാതെ ആദ്യത്തെ നാലുവര്‍ഷം 3% പലിശ സബ്‌സിഡിയും നോര്‍ക്ക നല്‍കുന്നുണ്ട്. ഇതെല്ലാം മലപ്പുറം ജില്ലയ്ക്ക് നഷ്ടപ്പെടാനുള്ള കാരണം കേരള ബാങ്കില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയിക്കാത്തതാണ്. നിലവില്‍ 15 സര്‍ക്കാര്‍ ധനകാര്യസ്ഥാപനങ്ങള്‍ മുഖേന നല്‍കിവരുന്ന വായ്പാ ധനസഹായം ഇനിമുതല്‍ കേരള ബാങ്ക് വഴിയാണ് നല്‍കുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഇനത്തലും മലപ്പുറത്തെ ജനങ്ങള്‍ക്ക് 1,000 കോടി രൂപയുടെ സഹായം നഷ്ടമാവുമെന്നാണ് കണക്കുകൂട്ടല്‍. ജില്ലാ ബാങ്ക് പ്രസിഡന്റ്, ഡയറക്ടര്‍മാര്‍ എന്നീ പദവികളും ചില്ലറ സൗകര്യങ്ങളും നഷ്ടപ്പെടാതിരിക്കാനുള്ള ലീഗിന്റെ അധികാരക്കൊതിയാണ് മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കില്‍ ലയിക്കാതിരിക്കാനുള്ള കാരണം.

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കില്‍ ലയിക്കുന്നില്ലെങ്കില്‍ മലപ്പുറം ജില്ലയിലെ ജനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ട്. ലീഗ്- സിപിഎം രാഷ്ട്രീയക്കളിയില്‍ പ്രവാസികള്‍ അടക്കമുള്ള ജില്ലയിലെ സാധാരണ ജനങ്ങള്‍ക്ക് അവകാശപ്പെട്ട സഹായങ്ങള്‍ നിഷേധിക്കുന്നതിനെതിരേ വരുന്ന 14ന് ബ്രാഞ്ച് തലങ്ങളില്‍ പ്രതീകാത്മക പ്രതിഷേധധര്‍ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് സി പി ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, വൈസ് പ്രസിഡന്റ് അഡ്വ.സാദിഖ് നടുത്തൊടി, ഇക്‌റാമുല്‍ ഹഖ്, മുസ്തഫ മാസ്റ്റര്‍, സെക്രട്ടറിമാരായ ഹംസ മഞ്ചേരി, ഷൗക്കത്ത് കരുവാരക്കുണ്ട് തുടങ്ങിയവര്‍ സംസാരിച്ചു. 

Tags: