ലീഗ് ബന്ധം; വ്യാജ വാര്‍ത്തക്ക് പിറകില്‍ പാര്‍ട്ടി പുറത്താക്കിയവര്‍: അഹ്‌മദ് ദേവര്‍കോവില്‍
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ തന്നെ വ്യക്തിപരമായി വേട്ടയാടാന്‍ സകല ഹീനമാര്‍ഗ്ഗവും പ്രയോച്ചുവരുന്ന ചില വ്യക്തികളുടെ ഏറ്റവും പുതിയ കുതന്ത്രമാണ് താന്‍ ലീഗിലേക്ക് എന്ന വ്യാജവാര്‍ത്താ നിര്‍മ്മിതിക്ക് പിന്നിലും പ്രവര്‍ത്തിക്കുന്നത്. വിഭാഗീയ പ്രവര്‍ത്തനത്തിന് പാര്‍ട്ടി പുറത്താക്കിയ ചിലആളുകള്‍ കടുത്ത ഇടതുപക്ഷ വിരുദ്ധരായ ചില മാധ്യമ പ്രവര്‍ത്തകരെ കൂട്ടുപിടിച്ചാണ് ഈ വ്യാജ നിര്‍മ്മിതികള്‍ ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും.
ഐഎന്‍എല്‍ ന്റെ രാഷ്ട്രീയ സത്യസന്ധതയെയും, അടിയുറച്ച ഇടതുപക്ഷ നിലപാടിനെയും കരിനിഴലിലാക്കാമെന്നത് മൗഢ്യമായ ധാരണയാണ്. ഐഎന്‍എല്‍ ഇടതുബന്ധം ജൈവികവും മുന്നണി അംഗത്വം പതിറ്റാണ്ടുകളുടെ ആദര്‍ശ സഹവാസത്തിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും രൂപപ്പെട്ടതുമാണ്. അതിനെ ഇത്തരം വ്യാജനിര്‍മ്മിതികള്‍ കൊണ്ട് ഉലക്കാന്‍ കഴിയില്ല. എറണാകുളത്ത് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് പൊതു നിരത്തില്‍ സംഘര്‍ഷമുണ്ടാക്കിയ നാള്‍ മുതല്‍ ഐഎന്‍എല്‍ നെ എല്‍ഡിഎഫില്‍ നിന്നും പുറത്താക്കുന്നതും കിനാവ് കണ്ടുറങ്ങുന്ന വിമതര്‍ നിരാശരാവും.
ലീഗിന്റെ ഔദ്യോഗിക പദവികളും സ്ഥാപനങ്ങളെയും ഉപയോഗിച്ച് സമസ്തയെ നശിപ്പിക്കാനിറങ്ങിയ കടുത്ത സുന്നി ആശയ ' വിരുദ്ധരായ പിഎംഎ സലാമിനെപ്പോലെയുള്ളവരെ സൂചിപ്പിച്ചാണ് ' ഛിദ്ര ശക്തി എന്നു പ്രയോഗിച്ചത്. ഈ മാധ്യമ പ്രതികരണത്തിലെ ചിലകാര്യങ്ങള്‍മാത്രം അടര്‍ത്തി എടുത്താണ് വ്യാജ നിര്‍മ്മിതിക്കാവശ്യമായ ഉരുപ്പടി ഉണ്ടാക്കിയിട്ടുള്ളത്.
സമസ്ത എന്ന പണ്ഡിതസഭയെ ഭയപ്പെടുത്തി ലീഗിന്റെ ആലയിലാക്കാനുളള കുതന്ത്രങ്ങള്‍ക്കെതിരെ പാര്‍ട്ടിപോരാട്ടം തുടരും. പാര്‍ട്ടിയില്‍നിന്നും പുറത്തെറിഞ്ഞ രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ വ്യജ നിര്‍മ്മിതികള്‍ക്കെതിരെ മുഴുവന്‍ ഇടതുപക്ഷ പ്രവര്‍ത്തകരും ഉയര്‍ന്ന ജാഗ്രത പുലര്‍ത്തണം-അദ്ദേഹം അഭിപ്രായപ്പെട്ടു.
