നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുത്; എഐസിസി നിര്‍ദേശം എല്ലാവരും പാലിക്കണമെന്ന് മുല്ലപ്പള്ളി

കോണ്‍ഗ്രസിന് സ്ഥിരം നേതൃത്വം ആവശ്യപ്പെട്ട് 23 തലമുതിര്‍ന്ന നേതാക്കള്‍ അധ്യക്ഷ സോണിയാഗാന്ധിക്ക് എഴുതിയ കത്ത് വിവാദത്തിന് പിന്നാലെയാണ് കേരളത്തിലെ കോണ്‍ഗ്രസിലും പോര് തുടങ്ങിയത്.

Update: 2020-08-29 04:41 GMT

തിരുവനന്തപുരം: സംഘടനാപരമായ കാര്യങ്ങളില്‍ പരസ്യപ്രസ്താവന നടത്തരുതെന്ന എഐസിസിയുടെ നിര്‍ദേശം എല്ലാവരും പാലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പൂര്‍ണമായും അനുവദിക്കുന്ന പ്രസ്ഥാനമെന്ന നിലയില്‍ പാര്‍ട്ടി വേദികളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പാര്‍ട്ടിയെ സ്നേഹിക്കുന്നവരാരും പരസ്യപ്രസ്താവന നടത്തരുതെന്നും മുല്ലപ്പള്ളി അറിയിച്ചു. കോണ്‍ഗ്രസിന് സ്ഥിരം നേതൃത്വം ആവശ്യപ്പെട്ട് 23 തലമുതിര്‍ന്ന നേതാക്കള്‍ അധ്യക്ഷ സോണിയാഗാന്ധിക്ക് എഴുതിയ കത്ത് വിവാദത്തിന് പിന്നാലെയാണ് കേരളത്തിലെ കോണ്‍ഗ്രസിലും പോര് തുടങ്ങിയത്.

ശശി തരൂരിന്റെ ഗൂഢാലോചനയിലാണ് കത്തെഴുത്ത് വിവാദമെന്നാണ് കേരളത്തിലെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. തുടര്‍ന്ന് ചില മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി രംഗത്തുവന്നതിന് പിന്നാലെ തരൂരിനെ പിന്തുണച്ചും നേതാക്കള്‍ എത്തിയതോടെ പോര് രൂക്ഷമാവുകയായിരുന്നു. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായത്തിന്റെ ചുവടുപിടിച്ച് യുവനേതാക്കളും താഴേക്കിടയിലുള്ള പ്രവര്‍ത്തകരുമെല്ലാം തരൂര്‍ വിഷയത്തില്‍ പരസ്യപ്രസ്താവനയ്ക്ക് മുതിര്‍ന്നതോടെയാണ് സംഘടനാ കാര്യങ്ങളില്‍ പരസ്യപ്രസ്താവന പാടില്ലെന്ന നിര്‍ദേശവുമായി കെപിസിസി അധ്യക്ഷന്‍ രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം തരൂരിനെതിരെ കെ മുരളീധരന്‍ എംപിയാണ് വിമര്‍ശനം തുടങ്ങിവച്ചത്. അദ്ദേഹം വിശ്വപൗരനും ഞങ്ങളെല്ലാം സാധാരണ പൗരനുമാണെന്നും ആയതിനാല്‍ അച്ചടക്ക നടപടി ആവശ്യപ്പെടുന്നില്ലെന്നായിരുന്നു മുരളീധരന്‍ പരിഹസിച്ചത്. ഇതിനു പിന്നാലെ ശശി തരൂര്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റാണെന്നും രാഷ്ട്രീയ പക്വതയില്ലാത്തയാളെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് രംഗത്തെത്തി. കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ് അടക്കമുള്ളവരും ശശി തരൂരിന്റെ ഫോട്ടോയിട്ടാണ് ഇന്ന് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ദേശീയ തലത്തില്‍ എ കെ ആന്റണിയെടുത്തിരിക്കുന്ന നിലപാടിന് ഒപ്പമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമെന്നും അതിന്റെ പേരില്‍ ശശി തരൂരിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം നിര്‍ഭാഗ്യകരമാണെന്നും പി ടി തോമസ് ചൂണ്ടിക്കാട്ടിയിരുന്നു.  

Tags:    

Similar News