പൗരത്വ നിഷേധം: മഹാപ്രതിഷേധമായി മനുഷ്യ മഹാശൃംഖല

ഭരണഘടന സംരക്ഷിക്കാൻ ജീവൻ നൽകിയും പോരാടുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് 60 ലക്ഷത്തിലേറെ പേർ 620 കിലോമീറ്റർ ദൂരം മനുഷ്യമതിൽ തീർത്തതായി സംഘാടകർ അറിയിച്ചു.

Update: 2020-01-26 12:00 GMT

തിരുവനന്തപുരം: പൗരത്വ നിഷേധത്തിനെതിരേ കാസർകോട് മുതൽ പാറശാല വരെയുള്ള പാതയിൽ റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന എൽഡിഎഫിന്റെ മനുഷ്യ മഹാശൃംഖല കേന്ദ്ര സർക്കാരിനും ബിജെപിയുടെ വർഗീയ ഭരണത്തിനുമുള്ള താക്കീതായി. ദ്രോഹകരമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തുെമെന്ന് ജനസഹസ്രങ്ങൾ പ്രഖ്യാപിച്ചു. കാസർകോട്ട് എസ് രാമചന്ദ്രൻ പിള്ള ആദ്യ കണ്ണിയും തെക്കേയറ്റത്ത് എം എ ബേബി അവസാന കണ്ണിയുമായി. 

ഭരണഘടന സംരക്ഷിക്കാൻ ജീവൻ നൽകിയും പോരാടുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് 60 ലക്ഷത്തിലേറെ ആളുകൾ 620 കിലോമീറ്റർ ദൂരം മനുഷ്യമതിൽ തീർത്തതായി സംഘാടകർ അറിയിച്ചു. എൽഡിഎഫ് നേതൃത്വം നൽകിയ മനുഷ്യ മഹാശൃംഖലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കക്ഷിരാഷ്ട്രീയത്തിന് അതീതമായി വൻ ജനാവലി കണ്ണി ചേർന്നു. സാഹിത്യ, സാംസ്കാരിക, സാമുഹിക, ജാതിമത രംഗത്തെയടക്കം പ്രമുഖർ പങ്കാളികളായി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൽഡിഎഫ് നേതാക്കൾ, മന്ത്രിമാർ, എംഎൽഎമാർ, സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ അണിചേർന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ സ്വയം സമർപ്പിക്കാൻ എല്ലാവരും സന്നദ്ധരാകണം: മുഖ്യമന്ത്രി

നമ്മുടെ ഭരണഘടനയെ അതിന്റെ എല്ലാ മൂല്യങ്ങളോടും കൂടി സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ സ്വയം സമർപ്പിക്കാൻ എല്ലാവരും സന്നദ്ധരാകണമെന്ന് മനുഷ്യ മഹാശൃംഖല ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൗരത്വ നിയമം പാസാക്കിയതിനെതിരെ ശക്തമായി പ്രതിഷേധം ഉയർത്തിയ സംസ്ഥാനമാണ് കേരളം. ഇതിന്റെ ഭാഗമായി ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ പാടില്ലെന്ന് കേരളം അഭിപ്രായപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ലോകമാകെ ഈ നിയമത്തിനെതിരേ രംഗത്ത് വന്നു. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ ഇന്ത്യയിലേക്കുള്ള സന്ദർശനം റദ്ദ് ചെയ്യുന്ന നിലയിലേക്കെത്തി. വിവിധ രാജ്യങ്ങൾ ഇത് തിരുത്തണം എന്ന് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭ പോലും അത്തരം അഭിപ്രായം രേഖപ്പെടുത്തുന്നു നിലയുണ്ടായി. ലോകമാകെ ഈ കാടത്തത്തിനെതിരെ രംഗത്ത് വന്നു- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നമുക്ക് വിശ്രമിക്കാനുള്ള സമയമായിട്ടില്ല. പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ ഭരണഘടനയെ അപകടപ്പെടുത്തുന്നതാണ്, നാടിന്റെ സൈ്വര്യതയെ അപകടപ്പെടുത്തുന്നതാണ്. മതനിരപേക്ഷത തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ പറയുന്നതൊന്നും നടപ്പാക്കുന്ന നാടല്ല കേരളമെന്ന് നമ്മൾ നേരത്തെ പറഞ്ഞിട്ടുണ്ട്. നമുക്ക് വിശ്രമിക്കാൻ പറ്റില്ല. നമ്മുടെ ഭരണഘടനയെ അതിന്റെ എല്ലാ മൂല്യങ്ങളോടും കൂടി സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ സ്വയം സമർപ്പിക്കാൻ എല്ലവരും സന്നദ്ധരാകണം- മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News