തൃക്കാക്കരയിലെ എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ ഇന്ന്; കെ വി തോമസ് പങ്കെടുക്കും

Update: 2022-05-12 03:19 GMT

കൊച്ചി: തൃക്കാക്കര നിയോജകമണ്ഡലം എല്‍ഡിഎഫ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നെത്തുന്നു. എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. വൈകീട്ട് നാലിന് പാലാരിവട്ടം ബൈപാസ് ജങ്ഷനിലാണ് കണ്‍വന്‍ഷന്‍. എല്‍ഡിഎഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. അമേരിക്കയില്‍ നിന്നും ചികില്‍സ കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രി ആദ്യമായാണ് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്.

ഡോ. ജോ ജോസഫ്, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്, തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എം സ്വരാജ്, ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, മന്ത്രിമാരായ ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, എല്‍ഡിഎഫ് നേതാക്കളായ ജോസ് കെ മാണി എംപി, പി സി ചാക്കോ, രാമചന്ദ്രന്‍ കടന്നപ്പള്ളി, ബിനോയ് ജോസഫ്, ജോര്‍ജ് ഇടപ്പരത്തി, മാത്യു ടി തോമസ്, സാബു ജോര്‍ജ്, എ പി അബ്ദുല്‍ വഹാബ്, വര്‍ഗീസ് ജോര്‍ജ്, ഡോ. കെ ജി പ്രേംജിത് തുടങ്ങിയവര്‍ പങ്കെടുക്കും. കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന കെ വി തോമസും മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനം നടത്തി അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. ജില്ലയിലെ മുതിര്‍ന്ന നേതാവിനെ തന്നെ മറുകണ്ടം ചാടിക്കാനായത് തൃക്കാക്കരയില്‍ വലിയെ നേട്ടാമാവുമെന്നാണ് എല്‍ഡിഎഫ് ക്യാംപിന്റെ വിലയിരുത്തല്‍. കെ റെയില്‍ വിഷയവും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സഭാ ബന്ധവും അടക്കം തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഉയര്‍ന്നുവന്ന വിവാദങ്ങളോട് മുഖ്യമന്ത്രി മറുപടി നല്‍കുമെന്നാണ് റിപോര്‍ട്ടുകള്‍.

തിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് മുഖ്യമന്ത്രിയുടെ വരവ്. ഇന്നലെ വൈകീട്ടോയെ മുഖ്യമന്ത്രി കൊച്ചിയിലെത്തിയിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന് നിര്‍ണായകമാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്. കെ റെയില്‍ വിരുദ്ധ പ്രതിഷേധങ്ങങ്ങള്‍ക്ക് മറുപടി നല്‍കാന്‍ എല്‍ഡിഎഫിന് വിജയം അനിവാര്യമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ അമേരിക്കയിലായിരുന്നുവെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയം അടക്കമുള്ള വിഷയങ്ങളില്‍ നേതാക്കളുമായി മുഖ്യമന്ത്രി നിരന്തരം ആശയ വിനിമയം നടത്തിയിരുന്നു.

Tags:    

Similar News