ബസ് ചാര്‍ജ് വര്‍ധനയ്ക്ക് എല്‍ഡിഎഫിന്റെ അനുമതി

Update: 2021-11-09 15:49 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ചാര്‍ജ് വര്‍ധനയ്ക്ക് എല്‍ഡിഎഫ് യോഗം അനുമതി നല്‍കി. നിരക്ക് കൂട്ടുന്നതില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തി. ബസ്സുടമകളുടെ സംഘടനാ പ്രതിനിധികളുമായി മന്ത്രി ആന്റണി രാജു കോട്ടയത്ത് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നു സ്വകാര്യബസ് സമരം മാറ്റിവച്ചിരുന്നു. നിരക്ക് കൂട്ടാമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് മുതല്‍ തുടങ്ങാനിരുന്ന പണിമുടക്ക് ബസ്സുടമകള്‍ പിന്‍വലിച്ചത്.

ചര്‍ച്ച തുടരുമെന്നും ഈ മാസം 18നകം പ്രശ്‌ന പരിഹാരമുണ്ടാവുമെന്നും മന്ത്രി പറഞ്ഞിരുന്നു. കോട്ടയത്തെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ആന്റണി രാജു ഇന്നത്തെ എല്‍ഡിഎഫ് യോഗത്തില്‍ അറിയിച്ചു. തുടര്‍ന്നാണ് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നയപരമായ അനുമതി എല്‍ഡിഎഫ് യോഗം നല്‍കിയത്. വിദ്യാര്‍ഥികളുടെ ഉള്‍പ്പടെയുള്ള യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം.

ഡീസല്‍ സബ്‌സിഡി നല്‍കണം. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നതാണ് സ്വകാര്യബസ്സുടമകള്‍ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കണം, കിലോ മീറ്ററിന് ഒരുരൂപയായി വര്‍ധിപ്പിക്കണം, തുടര്‍ന്നുള്ള ചാര്‍ജ് യാത്രാ നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. കൊവിഡ് കാലം കഴിയുന്നതുവരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടിരുന്നു.

Tags: