കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ ലാന്റിങ്ങിന് നിയന്ത്രണം; റണ്‍വേയ്ക്ക് തകരാറില്ലെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍

കഴിഞ്ഞദിവസം ഖത്തര്‍ എയര്‍വേസിന്റെ വലിയ വിമാനങ്ങളുടെ സര്‍വീസിന് അനുമതി നല്‍കിയിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള നീക്കം.

Update: 2020-08-11 06:31 GMT

കോഴിക്കോട്: വിമാനാപകടത്തെത്തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ ലാന്‍ഡിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതെത്തുടര്‍ന്ന് ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്ക് സര്‍വീസ് നടത്തേണ്ട സൗദി എയര്‍ലൈന്‍സ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുനക്രമീകരിച്ചു. എയര്‍ ഇന്ത്യ ജംബോ സര്‍വീസും താല്‍ക്കാലികമായി പിന്‍വലിച്ചു. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐഎക്‌സ് 344 വിമാനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഡിജിസിഎയുടെ പുതിയ തീരുമാനം. സൗദി എയര്‍ലൈന്‍സിന് സര്‍വീസ് താല്‍ക്കാലികമായി പിന്‍വലിക്കാനാവശ്യപ്പെട്ട് ഡിജിസിഎ വാക്കാല്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

അപകടത്തെത്തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളം സുരക്ഷിതമല്ലെന്ന് വരുത്തിത്തീര്‍ത്ത് വലിയ വിമാനങ്ങളിറങ്ങുന്നതിന് തടയിടാന്‍ നീക്കം നടക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞദിവസം ഖത്തര്‍ എയര്‍വേസിന്റെ വലിയ വിമാനങ്ങളുടെ സര്‍വീസിന് അനുമതി നല്‍കിയിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള നീക്കം. എയര്‍ ഇന്ത്യ, ഇത്തിഹാദ്, സൗദി എയര്‍, ഖത്തര്‍ എയര്‍വേസ് എന്നിവര്‍ക്കാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചത്.

നിലവില്‍ സൗദി എയര്‍ലൈന്‍സ് മാത്രമാണ് വലിയ വിമാനങ്ങളുടെ സര്‍വീസ് നടത്തുന്നത്. അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയ്ക്ക് ഒരു തകരാറുമില്ലെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനിവാസ റാവു പ്രതികരിച്ചു. വിമാനാപകടത്തിന് ശേഷം ഇതാദ്യമായാണ് ഡയറക്ടര്‍ കെ ശ്രീനീവാസ റാവു മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. അപകടം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപോര്‍ട്ട് തയ്യാറാവുമ്പോള്‍ എല്ലാ വിവരവും പുറത്തുവരും. അപകടം നടന്നയുടന്‍ എയര്‍പോര്‍ട്ട് ചെയ്യേണ്ടതെല്ലാം ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.  

Tags: