ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്കായി വയനാട്ടില്‍ ഭാഷാ ന്യൂനപക്ഷ ബൂത്ത്

കമ്പമലയിലെ വനവികസന കോര്‍പറേഷന്റെ തേയില തോട്ടത്തിലാണ് തമിഴ് വംശജരായ ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിച്ചത്.

Update: 2020-11-24 12:33 GMT

കല്‍പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പില്‍ തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലാണ് ജില്ലയിലെ ഏക ഭാഷാ ന്യൂനപക്ഷ വാര്‍ഡുള്ളത്. ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡായ കൈതക്കൊല്ലിയില്‍ പ്രത്യേക സജ്ജീകരണങ്ങളാണ് ഇതിന്റെ ഭാഗമായി ഒരുക്കുന്നത്.

ഇവിടെ 22 ശതമാനം പേര്‍ തമിഴ് ഭാഷയാണ് ഉപയോഗിക്കുന്നത്. അതിനാല്‍ വാര്‍ഡിലെ ബാലറ്റ് പേപ്പറിലും, ബാലറ്റ് ലേബലിലും മലയാളത്തിന് പുറമേ തമിഴിലും വിവരങ്ങള്‍ രേഖപ്പെടുത്തും. 1964 ല്‍ ഇന്ത്യ - ശ്രീലങ്ക കരാറിന്റെ ഭാഗമായി രാജ്യത്തെത്തിയ 6 ലക്ഷം അഭയാര്‍ത്ഥികളില്‍ നൂറിലധികം കുടുംബങ്ങളാണ് കൈതക്കൊല്ലി വാര്‍ഡിലെ കമ്പമലയിലുള്ളത്.

കമ്പമലയിലെ വനവികസന കോര്‍പറേഷന്റെ തേയില തോട്ടത്തിലാണ് തമിഴ് വംശജരായ ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിച്ചത്. വംശീയ അതിക്രമങ്ങള്‍ കാരണം ജില്ലയിലെത്തിയ ഇവര്‍ തോട്ടം തൊഴില്‍ ചെയ്താണ് ഉപജീവനം കണ്ടെത്തുന്നത്. 1981 ലാണ് ശ്രീലങ്കന്‍ വംശജരെ ഇവിടെ പുനരധിവസിപ്പിച്ചത്. ശ്രീലങ്കയിലെ ഊവ ജില്ലയിലെ ബധുലയിൽ നിന്നുള്ള തൊഴിലാളികളെ 3 ബാച്ചുകളായാണു കമ്പമലയിൽ എത്തിച്ചത്. അന്ന് മുതല്‍ നരകതുല്ല്യമായ ജീവിതമാണ് തൊഴിലാളികളുടെത്.