ഭൂമി വില്‍പ്പന വിവാദം: സീറോ മലബാര്‍ സഭാ ആസ്ഥാനത്തിനു മുന്നില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ യുവാക്കളുടെ പ്രതിഷേധം

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളുടെ കൂട്ടായ്മയായ അല്‍മായ മുന്നേറ്റം നടത്തുന്ന സമരപരമ്പരകളുടെ ഭാഗമായിട്ടായിരുന്നു എറണാകുളം അതിരൂപതയിലെ ഒരു വിഭാഗം യുവാക്കള്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിന് മുന്നില്‍ പ്രതിഷേധിച്ചത്

Update: 2021-08-24 12:57 GMT

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ സീറോ മലബാര്‍ സഭാ മെത്രാന്‍ സിനഡ് നീതിപൂര്‍വ്വമായി ഇടപെടണമെന്നും ഭൂമി വില്‍പ്പനയിലെ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നുമാവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളുടെ കൂട്ടായ്മയായ അല്‍മായ മുന്നേറ്റം നടത്തുന്ന സമരപരമ്പരകളുടെ ഭാഗമായി എറണാകുളം അതിരൂപതയിലെ ഒരു വിഭാഗം യുവാക്കള്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിന് മുന്നില്‍ പ്രതിഷേധിച്ചു.


നഷ്ടപ്പെട്ട ധാര്‍മ്മിക സഭാ സിനഡ് തിരിച്ചു പിടിക്കുക,ഭൂമിവില്‍പ്പന വിവാദത്തിലെ കളങ്കിതരെ പുറത്താക്കുക എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകളും പിടിച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം.


കെസിവൈഎം മുന്‍ സംസ്ഥാന പ്രസിഡന്റ് ഷിജോ മാത്യു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. വത്തിക്കാന്‍ സ്ഥാനാപതിയുടെ പ്രസംഗം വിശ്വാസി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് സിനഡ് സര്‍ക്കുലര്‍ പരസ്യമായി പ്രതിഷേധക്കാര്‍ കത്തിച്ചു.ജോമോന്‍ തോട്ടപ്പള്ളി, ഡെയ്മിസ്, ജോഹാന്‍ ജോസഫ്, ലൂയിസ് സംസാരിച്ചു.പ്രതിഷേധ സമരത്തിന് അല്‍മായ മുന്നേറ്റം ഭാരവാഹികള്‍ നേതൃത്വം നല്‍കി.

Tags: