രോഷ്‌നി രാജവെമ്പാലയെ പിടികൂടുന്നത് കണ്ടത് ലക്ഷകണക്കിന് പേര്‍; വലക്കുള്ളിലാക്കിയത് 18 അടി നീളമുള്ള പാമ്പിനെ (വീഡിയോ)

Update: 2025-07-08 06:42 GMT

തിരുവനന്തപുരം: ജി എസ് രോഷ്‌നിയുടെ രാജവെമ്പാല പിടികൂടല്‍ 24 മണിക്കൂറില്‍ കണ്ടത് ലക്ഷക്കണക്കിന് പേര്‍. ശ്വാസം അടക്കിപ്പിച്ചു കണ്ണും അടക്കിപിടിച്ചാണ് ആളുകള്‍ ഈ വീഡിയോ കണ്ടത്. വൈറലായ വിഡിയോ കേരളത്തിനകത്തും പുറത്തും മറ്റിതര ഭാഷകളിലും ആരാധകരുടെ കൈയ്യടി നേടി മുന്നേറുകയാണ്.വനം വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസറാണ് രോഷ്‌നി.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങി ഇതരഭാഷകളിലെ വാര്‍ത്താ ചാനലുകളില്‍ പോലും വിഡിയോ വൈറലാണ് ഇപ്പോള്‍.

ഞായറാഴ്ച വിതുര പരുത്തിപ്പള്ളി റേഞ്ച് പരിധിയില്‍ വരുന്ന ആര്യനാട് പാലോട് സെക്ഷനിലെ പേപ്പാറ റോഡില്‍ മരുതന്‍മൂടിയില്‍ നിന്നാണ് റോഷ്നി ഉള്‍പ്പെട്ട സംഘം 18 അടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്. മൂര്‍ഖന്‍, ശംഖുവരയന്‍, അണലി തുടങ്ങി വിഷപാമ്പുകളെയും നൂറിലധികം പെരുമ്പാമ്പുകളെയും പിടികൂടിയിട്ടുള്ള രോഷ്‌നി ഇതാദ്യമായാണ് രാജവെമ്പാലയെ പിടികൂടുന്നത്. അതും കൂറ്റന്‍ രാജവെമ്പാലയെ. പരുത്തിപ്പള്ളി റേഞ്ചിലെ റാപ്പിഡ് റസ്‌പോണ്‍സ് ടീം അംഗമായ രോഷ്‌നി വനം വകുപ്പിന്റെ സ്‌നേക്ക് ക്യാച്ചറാണ്.

പാമ്പുകളെ എങ്ങനെ ശാസ്ത്രീയമായി പിടികൂടി ഉള്‍വനത്തില്‍ വിടാമെന്ന് വനം വകുപ്പ് കൃത്യമായി പരിശീലനം നല്‍കിയിട്ടുണ്ടെന്നും ആ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും റോഷ്നി പറഞ്ഞു. ആളുകള്‍ കുളിക്കുന്ന സ്ഥലത്ത് പാമ്പിനെ കണ്ടെന്നാണ് ഞായറാഴ്ച അറിയിപ്പ് ലഭിച്ചത്. ഉടന്‍തന്നെ സ്ഥലത്തെത്തി. രാജവെമ്പാലയെ പിടികൂടുകയെന്നത് പാമ്പുകളെ പിടിക്കുന്നവരുടെ വലിയ ആഗ്രഹമാണ്. എന്റെയും വലിയ ആഗ്രഹമായിരുന്നു. അതു സാധിച്ചതില്‍ സന്തോഷമുണ്ട്. പേടിയൊന്നും തോന്നിയില്ല. പേടിയുണ്ടെങ്കില്‍ ഈ പണി ചെയ്യാന്‍ പറ്റില്ല. രാജവെമ്പാല എങ്ങനെയാവും പ്രതികരിക്കുക എന്നതു സംബന്ധിച്ച് കൃത്യമായ അറിവുണ്ട്-രോഷ്‌നി പറയുന്നു.





Tags: