തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Update: 2022-03-23 18:31 GMT

തിരുവനന്തപുരം: തൊഴില്‍ വകുപ്പിന്റെ തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തൊഴിലാളി സമൂഹത്തിന്റെ ആത്മാര്‍ഥ പ്രവര്‍ത്തനങ്ങളെയും മികവിനെയും പ്രോല്‍സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനും വേണ്ടിയാണ് സംസ്ഥാന തൊഴില്‍ വകുപ്പ് തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുളളത്. ഈ വര്‍ഷം സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടുതൊഴിലാളി, നിര്‍മാണ തൊഴിലാളി, ചെത്ത് തൊഴിലാളി, മരംകയറ്റ തൊഴിലാളി, തയ്യല്‍ തൊഴിലാളി, കയര്‍ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോര്‍ തൊഴിലാളി, തോട്ടം തൊഴിലാളി സെയില്‍സ്മാന്‍/വുമണ്‍, നഴ്‌സ്, ഗാര്‍ഹിക തൊഴിലാളി, ടെക്‌സ്‌റ്റൈല്‍/ മില്‍ തൊഴിലാളി, കരകൗശല വൈദഗ്ധ്യപാരമ്പര്യ തൊഴിലാളി, മാനുഫാക്ചറിംഗ് /പ്രോസസ്സിങ് മേഖല തൊഴിലാളി, മത്സ്യബന്ധന വില്പന തൊഴിലാളി എന്നീ 17 തൊഴില്‍ മേഖലകളെ തെരഞ്ഞെടുത്ത് വിവിധ മാനദണ്ഡങ്ങള്‍ പ്രകാരമുളള പരിശോധനകളും വിലയിരുത്തലും അഭിമുഖവും നടത്തിയാണ് മികവ് നിശ്ചയിച്ചിട്ടുളളത്.

തൊഴില്‍പരമായ നൈപുണ്യവും അറിവും അച്ചടക്കവും, സഹപ്രവര്‍ത്തകരോടും ഉപഭോക്താക്കളോടുളള പെരുമാറ്റം, ക്ഷേമപദ്ധതികളോടുളള സമീപനം, കലാകായിക മേഖലയിലെ മികവ്, സാമൂഹിക പ്രവര്‍ത്തനത്തിലുളള പങ്കാളിത്തം, ശുചിത്വബോധം, തൊഴിലില്‍ നൂതനമായ ആശയങ്ങള്‍ കൊണ്ടുവരാനുളള താല്പര്യം,നിത്യ ജോലികള്‍ക്ക് ഉപരിയായുളള കര്‍ത്തവ്യങ്ങള്‍ ഏറ്റെടുക്കാനുളള അവബോധം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അപേക്ഷിച്ച തൊഴിലാളികളുടെ മികവ് വിലയിരുത്തിയത്.

ആകെ ലഭിച്ച 5,313 അപേക്ഷകരില്‍ നിന്നും 17 വ്യത്യസ്ത മേഖലകളില്‍ നിന്നാണ് 17 മികച്ച തൊഴിലാളികളെ തിരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട ഓരോ തൊഴിലാളിക്കും ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും പുരസ്‌കാരമായി ലഭിക്കും. പുരസ്‌കാരങ്ങള്‍ ഈ മാസം 25 ന് എറണാകുളം ടൗണ്‍ ഹാളില്‍ മന്ത്രി വി ശിവന്‍കുട്ടി വിതരണം ചെയ്യും.

Tags:    

Similar News