കെവി റാബിയ സമൂഹപരിവര്‍ത്തനത്തിന് കരുത്തായ മുന്നേറ്റങ്ങളുടെ പ്രതീകം:എസ്ഡിപിഐ
തിരുവനന്തപുരം: സാക്ഷരതയുടെ മറ്റൊരു പേരായ കെവി റാബിയയുടെ വിയോഗം ഏറെ ദുഃഖകരമാണെന്ന് എസ്ഡിപിഐ അനുശോചന കുറിപ്പില്‍ അറിയിച്ചു. ജീവിതത്തിലെ അനേകം പ്രതിബന്ധങ്ങളെ അതിജീവിച്ച് ഒരു സാമൂഹിക ദൗത്യത്തിന് ആത്മസമര്‍പ്പണം ചെയ്തതിന്റെ പ്രകാശം അവരുടെ ജീവിതത്തിലുടനീളം ജ്വലിച്ചു നിന്നു.
ശാരീരിക വൈകല്യങ്ങളെ തോല്‍പ്പിച്ചുകൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ക്ക് വിദ്യാഭ്യാസത്തിന്റെ ദീപം കൊളുത്തിയ മഹത്തായ വ്യക്തിത്വം കേരളത്തിന്റെ സാക്ഷരതാ ചരിത്രത്തില്‍ സ്വര്‍ണ്ണ അക്ഷരങ്ങളില്‍ എഴുതപ്പെട്ട പേരാണ്. സമൂഹത്തിന് പ്രചോദനമായിരുന്ന കെ വി റാബിയയുടെ ജീവിതം സമൂഹപരിവര്‍ത്തനത്തിന് കരുത്തായ മുന്നേറ്റങ്ങളുടെ പ്രതീകമായിരുന്നു.
അവരുടെ മരണം ഒരാളുടെ നഷ്ടമല്ല, ഒരു കാലഘട്ടത്തിന്റെ നഷ്ടമാണ്. കെ വി റാബിയയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതിനൊപ്പം കുടുംബാംഗങ്ങള്‍ക്കും ഉറ്റവര്‍ക്കും അനുശോചനവും അറിയിക്കുന്നു.