പത്രപ്രവര്‍ത്തക യൂനിയന്‍ അനുസ്മരണം: കെഎം ബഷീറിന്റെ കുടുംബത്തിനുള്ള ധനസഹായം കായികമന്ത്രി കൈമാറി
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു. ബഷീറിന്റെ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് കായിക മന്ത്രി വി അബ്ദുര്‍ഹ്മാന്‍ കെഎം ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ചടങ്ങില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയും പ്രസ്സ്‌ക്ലബ്ബും ചേര്‍ന്ന് സമാഹരിച്ച ബഷീറിന്റെ കുടുംബത്തിനുള്ള ധനസഹായം കായിക മന്ത്രി വി അബ്ദുര്‍റഹ്മാന്‍ സിറാജ് ദിനപത്രം ഡയറക്ടര്‍ എ സൈഫുദ്ദീന്‍ ഹാജിക്ക് കൈമാറി. ബഷീറിന്റെ മക്കളുടെ പേരിലുള്ള ചെക്കുകളാണ് മന്ത്രി കൈമാറിയത്. കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ആര്‍ കിരണ്‍ ബാബു, പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡന്റ് ജി പ്രമോദ്, എ സൈഫുദ്ദീന്‍ ഹാജി, അരവിന്ദ് ശശി, ഖാസിം എ ഖാദര്‍, ശ്രീജിത്ത് ശ്രീധരന്‍, ആര്‍ പ്രദീപ്, അനുപമ ജി നായര്‍ സംസാരിച്ചു.