കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍: സര്‍വകക്ഷി യോഗം വിളിച്ചു

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു കൂടി നീട്ടിവച്ചാല്‍ ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കുന്നതിനായി സമവായം പരിഗണിക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ നിര്‍ദേശം.

Update: 2020-09-09 19:10 GMT

തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ പത്തിനാണ് യോഗം. നാലു മാസത്തേക്ക് ജനപ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാരും ഇടതുമുന്നണിയും.

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു കൂടി നീട്ടിവച്ചാല്‍ ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കുന്നതിനായി സമവായം പരിഗണിക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ നിര്‍ദേശം. നിയമസഭാ തെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിനൊപ്പം തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു നീട്ടുന്നതുമായി ബന്ധപ്പെട്ടു സിപിഐ അടക്കമുള്ള ചില പ്രധാന ഘടകകക്ഷികളുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തിയതായാണു വിവരം. ഇപ്പോള്‍ പ്രഖ്യാപിച്ച നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്ന അഭിപ്രായമാണ് ബിജെപിക്കുമുള്ളത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ മാസം 18ന് രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിനു മുന്‍പ് അഭിപ്രായ ഐക്യ രൂപീകരണത്തിനായാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും.

സമവായത്തിലെത്തിയ ശേഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ആലോചന. പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പു മാറ്റി വയ്ക്കുന്ന കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. 

Tags:    

Similar News