കുഞ്ഞാലിക്കുട്ടിയുടെ രാജി തീരുമാനം; വിമര്‍ശനവുമായി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്
തീരുമാനം നേതാക്കള്‍ക്കും അണികള്‍ക്കും മറുപടി പറയാനാവാത്ത പ്രതിസന്ധിയിലേക്ക് പാര്‍ട്ടിയെ എത്തിച്ചെന്നും ലീഗ് നേതൃത്വം തീരുമാനം പുനപ്പരിശോധിക്കണമെന്നും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മൊയീന്‍ അലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ മകനാണ് മൊയീന്‍ അലി ശിഹാബ് തങ്ങള്‍.
മലപ്പുറം: ലോക്‌സഭാ അംഗത്വം രാജിവച്ച് നിയമസഭയിലേക്ക് മല്‍സരിക്കാനൊരുങ്ങുന്ന മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിനെതിരേ കടുത്ത വിമര്‍ശനവുമായി യൂത്ത് ലീഗ് ദേശീയ നേതൃത്വം. തീരുമാനം നേതാക്കള്‍ക്കും അണികള്‍ക്കും മറുപടി പറയാനാവാത്ത പ്രതിസന്ധിയിലേക്ക് പാര്‍ട്ടിയെ എത്തിച്ചെന്നും ലീഗ് നേതൃത്വം തീരുമാനം പുനപ്പരിശോധിക്കണമെന്നും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മൊയീന്‍ അലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ മകനാണ് മൊയീന്‍ അലി ശിഹാബ് തങ്ങള്‍.
തീരുമാനത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ എതിര്‍പ്പുകളുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു നേതാവ് പരസ്യമായി രംഗത്തെത്തുന്നത് എന്നത് ശ്രദ്ധേയമാണ്. എംപി സ്ഥാനം രാജിവയ്ക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം അപ്രതീക്ഷിതമാണ്. ഈ തീരുമാനം നേതാക്കള്‍ക്കും അണികള്‍ക്കും മറുപടി പറയാനാവാത്ത പ്രതിസന്ധിയിലേക്ക് പാര്‍ട്ടിയെ എത്തിച്ചിട്ടുണ്ട്. ഇതൊന്നുകൂടി പുനപ്പരിശോധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും സ്വീകാര്യമുള്ള തീരുമാനമാണ് ആഗ്രഹിക്കുന്നത്. മുസ്‌ലിം ലീഗ് ഏറ്റവും മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന സമയമാണിത്.
അടുത്ത ആറുമാസംകൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സാധിക്കുന്ന ഘട്ടത്തിലാണ് ഇങ്ങനെയൊരു തീരുമാനം വന്നിരിക്കുന്നത്. അതില്‍ എല്ലാവരും ദു:ഖിതരാണ്- മൊയീന്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എംപി സ്ഥാനം രാജിവച്ച് കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മല്‍സരിക്കാനുള്ള തീരുമാനത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗമാണ് അംഗീകാരം നല്‍കിയത്. തീരുമാനത്തിനെതിരേ പ്രതിപക്ഷത്തുനിന്നടക്കം വിവിധ ഭാഗങ്ങളില്‍നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കെയാണ് പാണക്കാട് കുടുംബത്തില്‍നിന്നും സമാനമായ എതിര്‍പ്പുയര്‍ന്നിരിക്കുന്നത്.

