യുവതികള്‍ വന്നാല്‍ സര്‍ക്കാര്‍ തടയണമെന്ന് കുമ്മനം

സ്റ്റേ ഉണ്ടോ, ഇല്ലയോ എന്നതില്‍ ആശയക്കുഴപ്പം ഉണ്ടാക്കി വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. ഈ പ്രശ്നത്തെ വക്രീകരിക്കാണ്‍ ശ്രമിക്കരുത്. മതേതര സര്‍ക്കാര്‍ ആചാരങ്ങളുടെ വിഷയത്തില്‍ ഇടപെടാന്‍ ശ്രമിക്കരുത്.

Update: 2019-11-14 07:18 GMT

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധിയില്‍ തിരുത്തല്‍ ആവശ്യമാണെന്ന് സുപ്രിം കോടതിയ്ക്ക് വ്യക്തമായത് കൊണ്ടാണ് പുനപരിശോധനാ ഹരജികള്‍ വിശാല ബഞ്ചിന് വിട്ടതെന്ന് ബിജെപി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍. മുന്‍ വിധിയില്‍ എന്തോ അപാകത ഉണ്ടെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.

അപാകത എന്താണ്, അതില്‍ എന്ത് തീരുമാനം ഉണ്ടാകും എന്നതില്‍ സര്‍ക്കാര്‍ കാത്തിരിക്കുകയാണ് വേണ്ടത്. സ്റ്റേ ഉണ്ടോ, ഇല്ലയോ എന്നതില്‍ ആശയക്കുഴപ്പം ഉണ്ടാക്കി വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. ഈ പ്രശ്നത്തെ വക്രീകരിക്കാണ്‍ ശ്രമിക്കരുത്. മതേതര സര്‍ക്കാര്‍ ആചാരങ്ങളുടെ വിഷയത്തില്‍ ഇടപെടാന്‍ ശ്രമിക്കരുത്. യുവതികള്‍ ആരെങ്കിലും ശബരിമലയില്‍ കയറണമെന്ന് പറഞ്ഞ് വന്നാല്‍ അവരെ സര്‍ക്കാര്‍ തടയണം. അവരോട് കാര്യങ്ങള്‍ പറയണമെന്നും കുമ്മനം പറഞ്ഞു.

ശബരിമല യുവതീപ്രവേശനത്തിനെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹരജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധി പ്രതീക്ഷ നല്‍കുന്നതാണെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. സുപ്രീം കോടതിയെ മാനിക്കുന്നു. വിധി പ്രതീക്ഷ നല്‍കുന്നതും ശുഭോദര്‍ക്കവുമാണ്. വിശ്വാസികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വിധിയാണ് വന്നതെന്നും അതില്‍ സന്തോഷമുണ്ടെന്നും കണ്ഠര് രാജീവര് പ്രതികരിച്ചു.

ശബരിമല വിധി ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പന്തളം കൊട്ടാരം അറിയിച്ചു. ഇന്ത്യയിലെ മുസ്ലീം ജനവിഭാഗങ്ങളെ കൂടി ബന്ധപ്പെടുത്തുന്ന രീതിയില്‍ ശബരിമല വിഷയം ചര്‍ച്ച ചെയ്യപ്പെടുമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാര വര്‍മ്മ പറഞ്ഞു. നാമം ജപിച്ച് തെരുവിലിറങ്ങിയവരെ പുച്ഛിച്ചവര്‍ക്കുള്ള മറുപടിയാണ് ഇന്നത്തെ സുപ്രീംകോടതി വിധി. ദേവസ്വം ബോര്‍ഡ് സ്വീകരിച്ച നടപടികള്‍ ശരിയാണോയെന്ന് ജനം വിലയിരുത്തണമെന്നും ശശികുമാര്‍ വര്‍മ്മ പറഞ്ഞു.

Tags: