സാമ്പത്തിക രംഗത്ത് വന്‍കുതിച്ചുചാട്ടത്തിന് കളമൊരുക്കാന്‍ ഫിഷറീസ് മേഖലക്ക് കഴിയും: ഗവര്‍ണര്‍

സംസ്ഥാനത്തെ ഫിഷറീസ് മേഖലയുടെ തകര്‍ച്ചയുടെ കാരണങ്ങളെ കുറിച്ച് പഠിച്ച്, പുതിയ ദേശിയ വിദ്യാഭ്യാസ നയത്തിന്റെ ചുവട് പിടിച്ച് നവീനമായ കോഴ്‌സുകളും പാഠ്യപദ്ധതികളും ആവിഷ്‌കരിച്ച് സംസ്ഥാന ഫിഷറീസ് രംഗത്തെ മുന്നോട്ട് നയിക്കേണ്ട ചുമതല കുഫോസിന് ഉണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു

Update: 2021-08-12 12:34 GMT

കൊച്ചി: കേരളത്തിന്റെ സാമ്പത്തിക രംഗത്ത് കാതലായ മുന്നേറ്റം കൊണ്ടുവരുവാന്‍ കഴിയുന്ന മേഖലയാണ് ഫിഷറീസ് വ്യവസായരംഗമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) ഏഴാമത് കോണ്‍വെക്കേഷനില്‍ വിദ്യാര്‍ഥികള്‍ക്ക് ബിരുദങ്ങള്‍ സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കുഫോസ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍. സംസ്ഥാനത്തെ ഫിഷറീസ് മേഖലയുടെ തകര്‍ച്ചയുടെ കാരണങ്ങളെ കുറിച്ച് പഠിച്ച്, പുതിയ ദേശിയ വിദ്യാഭ്യാസ നയത്തിന്റെ ചുവട് പിടിച്ച് നവീനമായ കോഴ്‌സുകളും പാഠ്യപദ്ധതികളും ആവിഷ്‌കരിച്ച് സംസ്ഥാന ഫിഷറീസ് രംഗത്തെ മുന്നോട്ട് നയിക്കേണ്ട ചുമതല കുഫോസിന് ഉണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ഒന്‍പത് ഡോക്ടറല്‍ ബിരുദങ്ങള്‍ ഉള്‍പ്പടെ 201920 കാലഘട്ടത്തില്‍ കുഫോസില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 386 പേര്‍ക്കാണ് ഗവര്‍ണര്‍ ബിരുദങ്ങള്‍ സമ്മാനിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ഡോക്ടറല്‍ ബിരുദധാരികളും വിവിധ കോഴ്‌സുകളിലെ ഒന്നാം റാങ്കുകാരുമായ 32 പേര്‍ക്കാണ് ഗവര്‍ണര്‍ നേരിട്ട് ബിരുദങ്ങള്‍ സമ്മാനിച്ചത്. മറ്റുള്ളവര്‍ ഓണ്‍ലൈനായി ബിരുദങ്ങള്‍ ഏറ്റുവാങ്ങി.ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം സ്ത്രീധനം പരോക്ഷമായോ പ്രത്യക്ഷമായോ കൊടുക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്ന സത്യവാങ്ങ്മൂലം കോണ്‍വെക്കേഷനില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെല്ലാം കോണ്‍വൊക്കേഷന്‍ ചടങ്ങിന് മുന്നോടിയായി യൂണിവേഴ്‌സിറ്റിയില്‍ സമര്‍പ്പിച്ചിരുന്നു. ബിരുദദാന ചടങ്ങിന്റെ തുടക്കത്തില്‍ ഈ സത്യവാങ്ങ്മൂലങ്ങള്‍ കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.കെ റിജി ജോണ്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. ബിരുദം കൈപ്പറ്റുന്നതിന് മുന്‍പ് സ്ത്രീധനവിരുദ്ധ പ്രതിജ്ഞ എഴുതി നല്‍കിയ വിദ്യാര്‍ഥികളെ ഗവര്‍ണര്‍ ബിരുദദാന പ്രസംഗത്തില്‍ പ്രകീര്‍ത്തിച്ചു.

സംസ്ഥാന ഫിഷറീസ് മന്ത്രിയും കുഫോസ് പ്രോചാന്‍സലറുമായ സജി ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തി. കുഫോസിലെ ശാസ്ത്രഗവേഷണ ഫലങ്ങള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കടല്‍ക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന ചെല്ലാനത്ത് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മാതൃക മത്സ്യഗ്രാമം പദ്ധതിയുടെ നടത്തിപ്പ് കുഫോസിനെ ഏല്‍പ്പിച്ചതെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.റിജി ജോണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ ഇന്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി ഡയറക്ടര്‍ ഡോ.സി.എന്‍.രവിശങ്കര്‍, കുഫോസ് പരീക്ഷാകണ്‍ട്രോളര്‍ ഡോ.പി.സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags:    

Similar News