ബൈക്ക് യാത്രികരെ ബസുകളിലേക്ക് ആകർഷിക്കാൻ പ്രത്യേക പദ്ധതിയുമായി കെഎസ്ആർടിസി

തിരക്കേറിയ റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്തു ജോലിക്കെത്തുന്നവർക്ക് സുരക്ഷിത യാത്ര ഒരുക്കുക എന്നതാണ് പദ്ധതിയുടെ ആശയം.

Update: 2020-06-24 05:15 GMT

തിരുവനന്തപുരം: ബൈക്ക് യാത്രികരെ ബസുകളിലേക്ക് ആകർഷിക്കാൻ പ്രത്യേക പദ്ധതിയുമായി കെഎസ്ആർടിസി. തിരക്കേറിയ റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്തു ജോലിക്കെത്തുന്നവർക്ക് സുരക്ഷിത യാത്ര ഒരുക്കുക എന്നതാണ് പദ്ധതിയുടെ ആശയം. സമീപത്തെ ബസ് സ്റ്റാൻ്റിൽ സൗജന്യമായി വാഹനം പാർക്കു ചെയ്യുക. അവിടെ നിന്ന് കെഎസ്ആർടിസി തയ്യാറാക്കിയിട്ടുള്ള ബസിൽ കയറി ജോലി സ്ഥലത്ത് എത്താം. വൈകീട്ട് അതേ സ്ഥലത്ത് തിരികെ എത്തിക്കും.

ട്രെയിനുകളിൽ ഉള്ളതുപോലെ പോലെ സീസൺ ടിക്കറ്റ് എടുക്കാം. എത്ര നാളത്തേക്ക് ആണോ സീസൺ ടിക്കറ്റ് എടുക്കുന്നത് അതുവരെ ഇഷ്‌ടമുള്ള സീറ്റിലിരുന്ന് പതിവായി യാത്ര ചെയ്യാം. സൂപ്പർ ഫാസ്റ്റ് ബസുകളാണ് സർവീസിന് ഉപയോഗിക്കുന്നത് . അതിനാൽ സമയത്തിന് ജോലി സ്ഥലത്തെത്താം.

നെയ്യാറ്റിൻകര, തിരുവനന്തപുരം, നെടുമങ്ങാട് റൂട്ടുകളിൽ ആണ് ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുക. നെടുമങ്ങാട് ബസ് സ്റ്റാൻ്റിൽ 700ഉം നെയ്യാറ്റിൻകര ബസ് സ്റ്റാൻ്റിൽ 450 ബൈക്കുകളും പാർക്കു ചെയ്യാൻ സൗകര്യമുണ്ട്. ടിക്കറ്റ് നിരക്ക് തീരുമാനിച്ചാൽ ഉടൻതന്നെ സർക്കാർ ജീവനക്കാരെ ഉൾപ്പെടെ നേരിട്ടുകണ്ട് യാത്രയുടെ വിശദാംശങ്ങൾ കെഎസ്ആർടിസി ബോധ്യപ്പെടുത്തും. പ്രചാരണത്തിനായി പ്രത്യേക ലോഗോയും തയ്യാറാക്കുന്നുണ്ട്. പദ്ധതിയുടെ വിശദാംശങ്ങൾ കെഎസ്ആർടിസി ഉടൻതന്നെ പ്രഖ്യാപിക്കും.

Tags: