ജനുവരി 20 മുതല്‍ കെഎസ്ആർടിസിയില്‍ അനിശ്ചിതകാല പണിമുടക്ക്

ശബരിമല തീര്‍ത്ഥാടനകാലം കഴിഞ്ഞാലുടന്‍ ജനുവരി 20 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് തീരുമാനം.

Update: 2019-12-27 12:27 GMT

തിരുവനന്തപുരം: തൊഴിലാളിദ്രോഹ നടപടികള്‍ക്കെതിരെ ജനുവരി 20ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി അറിയിച്ചു.

കെഎസ്ആർടിസി തൊഴിലാളികളുടെ പ്രതിമാസശമ്പളം എല്ലാമാസവും അവസാന പ്രവൃത്തിദിവസം മുടങ്ങാതെ നല്‍കുക, 2016 ല്‍ കാലാവധി അവസാനിച്ച ശമ്പളക്കരാര്‍ പുതുക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, 6 ഗഡു ഡിഎ കുടിശ്ശിക അനുവദിക്കുക തുടങ്ങി 15 ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ടിഡിഎഫ് സെക്രട്ടേറിയേറ്റുനടയില്‍ ഡിസംബര്‍ 5 മുതല്‍ അനിശ്ചിത കാലസത്യാഗ്രഹം നടത്തിവരികയായിരുന്നു. ഇതേ ആവശ്യങ്ങളുന്നയിച്ച് നവംബര്‍ 4ന് ടിഡിഎഫ് പണിമുടക്ക് നടത്തിയിരുന്നു.

ശബരിമല തീര്‍ത്ഥാടനകാലം കഴിഞ്ഞാലുടന്‍ ജനുവരി 20 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് തീരുമാനം. പണിമുടക്ക് തീരുമാനത്തെത്തുടര്‍ന്ന് സെക്രട്ടറിയേറ്റ് നടയില്‍ നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം അവസാനിപ്പിച്ചു.  തൊഴിലാളികളെ ഒരു അനിശ്ചിതകാല പണിമുടക്കിലേക്ക് ഇടതുപക്ഷ സര്‍ക്കാര്‍ തള്ളിവിടുകയാണെന്ന് സംസ്ഥാന കമ്മറ്റി കുറ്റപ്പെടുത്തി. പണിമുടക്ക് നോട്ടീസ് ജനുവരി 3ന് നല്‍കും.

Tags:    

Similar News