കെഎസ്ആർടിസി റിലേ ബസ് സർവ്വീസ് ആരംഭിച്ചു

കൃത്യമായ ഇടവേളകളിൽ ബസുകൾ പൂർണ്ണമായി അണുവിമുക്തമാക്കി കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ബസ് സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർക്ക് താമസംവിനാ കണക്ടിവിറ്റി കിട്ടുന്ന വിധത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

Update: 2020-06-26 08:30 GMT

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കെഎസ്ആർടിസി റിലേ ബസ് സർവ്വീസ് ആരംഭിച്ചു. രാവിലെ ഒമ്പത് മണിക്ക് ആദ്യ സർവ്വീസ് തിരുവനന്തപുരത്ത് നിന്ന് മന്ത്രി എ കെ ശശീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. തൃശ്ശൂർ വരെയാണ് സർവ്വീസ്. ഓരോ മണിക്കൂർ ഇടവിട്ട് ഓരോ ജില്ലകളെയും ബന്ധിപ്പിച്ച് സർവ്വീസ് ഉണ്ടാകും.

ദീർലദൂര യാത്രക്കാരുടെ ആവശ്യാർത്ഥമാണ് തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂർ വരെ കെഎസ്ആർടിസി "റിലേ സർവ്വീസുകൾ" ആരംഭിച്ചത്. അന്തർ ജില്ലാ യാത്രികരിൽ നിന്നും നിരന്തരമായി ലഭിച്ച പരാതികളാണ് ഇത്തരം ഒരു സർവ്വീസിനെക്കുറിച്ച് ആലോചിക്കാൻ കെഎസ്ആർടിസിയെ പ്രേരിപ്പിച്ചത്. ഓരോ മണിക്കൂർ ഇടവിട്ട് തിരുവനന്തപുരത്ത് നിന്ന് കൊല്ലം, കൊല്ലത്ത് നിന്ന് ആലപ്പുഴ, ആലപ്പുഴ നിന്ന് എറണാകുളം, എറണാകുളത്തുനിന്ന് തൃശ്ശൂരിലേക്കും ഇതേ ക്രമത്തിൽ തിരിച്ചുമാണ് സർവ്വീസ് നടത്തുന്നത്.

രാത്രി 9 മണിയോടു കൂടി സർവീസ് അവസാനിപ്പിക്കണം എന്ന നിബന്ധന ഉള്ളതിനാൽ ഉച്ചവരെയുള്ള സർവ്വീസുകൾ തൃശ്ശൂർ വരെയും തുടർന്നുള്ള ട്രിപ്പുകൾ എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ അവസാനിപ്പിക്കുന്ന വിധത്തിലായിരിക്കും ക്രമീകരണം ഏർപ്പെടുത്തുക. കൃത്യമായ ഇടവേളകളിൽ ബസുകൾ പൂർണ്ണമായി അണുവിമുക്തമാക്കി കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ബസ് സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർക്ക് താമസംവിനാ കണക്ടിവിറ്റി കിട്ടുന്ന വിധത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

Tags: