കെഎസ്ആർടിസി കരകയറുന്നു; മാസവരുമാനം 200 കോടിയിലെത്തി
റൂട്ടുകളുടെ ശാസ്ത്രീയമായ പുനഃക്രമീകരണം നടത്തിയതും പുതിയ ചെയിൻ സർവീസുകൾ ആരംഭിച്ചതുമാണ് കലക്ഷനിലെ ഈ കുതിപ്പിന് പ്രധാന കാരണം. കൂടാതെ ദീർഘദൂര സർവീസ് നടത്തുന്ന അനധികൃത സ്വകാര്യബസ് സർവീസുകൾക്കെതിരെ സർക്കാർ നിലപാട് കടുപ്പിച്ചതും കെഎസ്ആർടിസിക്ക് ഗുണകരമായി.
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ മാസവരുമാനം 200 കോടിയിലെത്തിച്ച് കെഎസ്ആർടിസി. ഇക്കഴിഞ്ഞ മെയ് മാസത്തെ വരുമാനം 200.91 കോടി രൂപയാണ്. ഇതിനുമുമ്പ് 2018 മേയിലാണ് 200 കോടി നേട്ടമുണ്ടാക്കിയത്. അന്ന് 207.35 കോടിയായിരുന്നു വരുമാനം.
റൂട്ടുകളുടെ ശാസ്ത്രീയമായ പുനഃക്രമീകരണം നടത്തിയതും പുതിയ ചെയിൻ സർവീസുകൾ ആരംഭിച്ചതുമാണ് കലക്ഷനിലെ ഈ കുതിപ്പിന് പ്രധാന കാരണം. കൂടാതെ ദീർഘദൂര സർവീസ് നടത്തുന്ന അനധികൃത സ്വകാര്യബസ് സർവീസുകൾക്കെതിരെ സർക്കാർ നിലപാട് കടുപ്പിച്ചതും കെഎസ്ആർടിസിക്ക് ഗുണകരമായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഷെഡ്യൂളുകളിൽ ജനോപകാരപ്രദമായി ക്രമീകരണം നടത്തിയും ശാസ്ത്രീയമായ കാര്യപദ്ധതി തയ്യാറാക്കിയും വരുമാനം ഉയർത്തി. 3 മേഖലകൾക്കും കലക്ഷൻ സംബന്ധിച്ച ലക്ഷ്യം നൽകി. ഇതിന് ദൈനംദിന അടിസ്ഥാനത്തിൽ മേൽനോട്ടം നടത്തിയതും ഇൻസ്പെക്ടർമാരെ വിവിധ സ്ഥലങ്ങളിൽ പോയിൻറ് ഡ്യൂട്ടിക്കായി നിയോഗിച്ചതും കൃത്യമായ വിലയിരുത്തലുകളും തിരുത്തൽ നടപടികൾ സ്വീകരിച്ചതുമാണ് ഈ വരുമാന വർദ്ധനവിന് അടിസ്ഥാനമായത്.
സൂപ്പർഫാസ്റ്റ് സർവീസുകൾ ചെയിൻ സർവീസുകളായി 15 മിനിട്ട് ഇടവേളകളിൽ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയും തിരിച്ചും ക്രമീകരിച്ചതു വഴിയും അതിൽ റിസർവേഷൻ സംവിധാനം ഏർപ്പെടുത്താൻ കഴിഞ്ഞതും വരുമാനത്തിൽ നേട്ടമുണ്ടാക്കാൻ സാധിച്ചതിൽ പ്രധാന പങ്കുവഹിച്ചു. ഓരോ മേഖലകളെയും ലാഭകേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനത്തിന് ഊർജം പകരുന്നതാണ് ഈ നേട്ടമെന്ന് സിഎംഡി എം പി ദിനേശ് പറഞ്ഞു.
പ്രത്യേകിച്ച് യാതൊരുവിധ സ്‌പെഷ്യൽ സർവീസുകളും ഇല്ലാതിരുന്ന ഒരു മാസത്തിൽ ഇത്രയും വരുമാനം നേടാൻ സാധിച്ചത് ജീവനക്കാരുടെ പൂർണസഹകരണം കൊണ്ട് മാത്രമാണ് . വടക്കൻ മേഖലകളിൽ നിന്നും കൂടുതൽ സർവീസുകൾ ആവശ്യപ്പെട്ടു ദിനംപ്രതി അനേകം അപേക്ഷകളാണ് കെഎസ്ആർടിസി ചീഫ് ഓഫീസിൽ ലഭിക്കുന്നത്. ഈ സർവീസുകളും കൂടുതൽ അന്തർസംസ്ഥാന സർവീസുകളും ആരംഭിക്കുന്നതോടെ കലക്ഷനിൽ ഒരു വലിയ കുതിച്ചുചാട്ടം ഉണ്ടാക്കാൻ സാധിക്കും.
കൂടാതെ പുതിയ ലിമിറ്റഡ് സ്റ്റോപ്പ് ചെയിൻ സർവീസുകൾ അടക്കം മറ്റ് ഓർഡിനറി ചെയിൻ സർവീസുകൾ കേരളത്തിലുടനീളം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിൽ ജനോപകാരപ്രദമായി ലഭിക്കുന്നതിനുള്ള ക്രമീകരണമാണ് കെഎസ്ആർടിസി നടത്തി വരുന്നത്. ഇത്തരത്തിൽ നിലവിൽ 176 ചെയിൻ സർവീസുകൾ ഇപ്പോൾ കേരളത്തിലുടനീളം നടത്തിവരുന്നതായും സിഎംഡി അറിയിച്ചു.
