കെഎസ്ആര്‍ടിസിയെ കാമിനിയെപോലെ സ്‌നേഹിച്ചു; സ്വര്‍ണചഷകത്തില്‍ നഞ്ച് വിതച്ചതാരെന്ന് തച്ചങ്കരി

യൂനിയനുകളുമായി പ്രശ്‌നങ്ങളൊന്നുമില്ല. കെഎസ്ആര്‍ടിസിയുടെ പടിവാതില്‍ക്കലേക്ക് അവശനായെത്തിയ ഭിക്ഷക്കാരനല്ല താനെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടതെല്ലാം ചെയ്തശേഷമാണ് മടക്കമെന്നും ജീവനക്കാര്‍ ഒരുക്കിയ യാത്ര അയപ്പ് സമ്മേളനത്തില്‍ തച്ചങ്കരി പറഞ്ഞു.

Update: 2019-01-31 19:53 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ കൂടുതലായി സ്‌നേഹിച്ചതുകൊണ്ടാവാം എംഡി സ്ഥാനത്തുനിന്ന് സര്‍ക്കാര്‍ മാറ്റിയതെന്ന് മുന്‍ എംഡി ടോമിന്‍ ജെ തച്ചങ്കരി. യൂനിയനുകളുമായി പ്രശ്‌നങ്ങളൊന്നുമില്ല. കെഎസ്ആര്‍ടിസിയുടെ പടിവാതില്‍ക്കലേക്ക് അവശനായെത്തിയ ഭിക്ഷക്കാരനല്ല താനെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടതെല്ലാം ചെയ്തശേഷമാണ് മടക്കമെന്നും ജീവനക്കാര്‍ ഒരുക്കിയ യാത്ര അയപ്പ് സമ്മേളനത്തില്‍ തച്ചങ്കരി പറഞ്ഞു.

എംഡി സ്ഥാനത്തുനിന്ന് മാറ്റിയതിന്റെ തൊട്ടടുത്ത ദിവസം സംഘടിപ്പിച്ച യാത്ര അയപ്പ് സമ്മേളനത്തില്‍ തച്ചങ്കരി സംസാരിച്ച് തുടങ്ങിയത് കവിതചൊല്ലിക്കൊണ്ടാണ്. ഈ സ്ഥാപനത്തെ കാമിനിയെ പോലെ സ്‌നേഹിച്ചുതുടങ്ങി. ഒരുദ്യോഗസ്ഥനും തന്നെ അയച്ച സ്ഥാപനത്തെ സ്വന്തമെന്നു കരുതി സ്‌നേഹിക്കാന്‍ പാടില്ല. അങ്ങനെ ഉള്ള അവസ്ഥയിലാണ് ആശയും നിരാശയും സ്വപ്‌നങ്ങളും മോഹഭംഗങ്ങളും വരുന്നത്. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോടും പരിഭവമില്ല.

പലരെയും വേദനിപ്പിച്ചെങ്കിലും പിന്നീട് അവരെല്ലാം കൂടുതല്‍ കര്‍മനിരതരായി കൂടെനിന്നു. സിഎംഡിയെന്ന കല്‍പിത സിംഹാസനത്തിന്റെ അധികാരം താന്‍ മല്‍സരിച്ച് വാങ്ങിയതല്ലെന്നും തച്ചങ്കരി വ്യക്തമാക്കി. കാല്‍നൂറ്റാണ്ടിനിടെ ആദ്യമായി ശമ്പളവും ആനുകൂല്യങ്ങളും സ്വന്തമായി നല്‍കിയതടക്കമുള്ള നേട്ടങ്ങള്‍ പ്രസംഗത്തില്‍ തച്ചങ്കരി എണ്ണിപ്പറഞ്ഞു.

Tags: